‘മോദി സര്‍ക്കാരിന്റെ കാലാവധി മേയില്‍ തീരും; ആദായനികുതിയിളവ് ആരു നടപ്പാക്കും?’

single-img
1 February 2019

കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വാരിക്കോരി നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പരീക്ഷണം നേരിടുന്നുവെന്നതിന്റെ തെളിവാണിതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളത് മാത്രമാണെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.

അതേസമയം, തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയാണ് ബജറ്റെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബിജെപി, തിരഞ്ഞെടുപ്പിനു മുന്‍പ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

മേയ് മാസത്തില്‍ കാലാവധി തീരുന്ന മോദി സര്‍ക്കാര്‍ ആദായനികുതിയിളവ് പ്രഖ്യാപിച്ചത് വെറും ‘തമാശ’ മാത്രമാണെന്നും ഖാര്‍ഗെ പരിഹസിച്ചു. ബജറ്റ് പ്രസംഗത്തിനു പിന്നാലെ സഭയ്ക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് ഖാര്‍ഗെ ബിജെപിയെ കടന്നാക്രമിച്ചത്. ബജറ്റ് പ്രസംഗം നിറയെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണുള്ളത്. ഈ മേയ് മാസം വരെ മാത്രമേ മോദി സര്‍ക്കാരിന് കാലാവധിയുള്ളൂ എന്നതിനാല്‍, ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.