ചൈത്രയ്ക് എതിരെയുള്ള അച്ചടക്കനടപടികൾ തടയണം; ഹൈക്കോടതിയിൽ ഹർജി

single-img
1 February 2019

തിരുവനന്തപുരത്തെ സിപിഎം  ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തി വാർത്തകളിൽ നിറഞ്ഞ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും റെയ്ഡ് വിവരം ചോര്‍ത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അന്വേഷണ ആവശ്യത്തിനായി പൊലീസ് പ്രവേശിക്കുന്നതു തടയുന്ന തരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പ്രത്യേക പദവി ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൊച്ചിയിലെ സംഘടനയായ ‘പബ്ലിക് ഐ’ യാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി പിന്നീടു പരിഗണിക്കും.

പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതിനു 28 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ സിപിഎം ഓഫിസിലുണ്ടെന്നു കരുതി ജനുവരി 24നു ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് ചെയ്‌തെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നതിനാല്‍ അറസ്റ്റ് നടന്നില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.

ഉദ്യോഗസ്ഥയുടെ നടപടിയില്‍ തെറ്റില്ലെന്ന് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വേട്ടയാടുകയാണെന്നും  ഹർജിയിൽ ആരോപിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ പൊലീസ് കയറരുതെന്ന പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അതൃപ്തി ഭയന്ന് ഐപിഎസ് ഓഫിസര്‍മാരുടെ സംഘടനയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചൈത്രയെ സംരക്ഷിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.