ബജറ്റ്: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും; 2022ല്‍ സ്വതന്ത്ര ഇന്ത്യക്ക് 75 വയസാകുമ്പോള്‍ എല്ലാവര്‍ക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകും

single-img
1 February 2019

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയപദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. 2022 ല്‍ സ്വതന്ത്ര ഇന്ത്യക്ക് 75 വയസാകുമ്പോള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ പറഞ്ഞു.

അന്ന് എല്ലാവര്‍ക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകും. തീവ്രവാദവും ജാതീയതയും സ്വജന പക്ഷപാതവുമില്ലാത്ത ഇന്ത്യയാണ് വിഭാവനം ചെയ്യുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. 2022ഓടെ നവഭാരതം സൃഷ്ടിക്കപ്പെടും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട ഇന്ത്യ പ്രധാന സാമ്പത്തിക ശക്തിയായി വളര്‍ന്നു. ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നമ്മുടെ ജി.ഡി.പി.

ധനക്കമ്മി ആറു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി. സംശുദ്ധമായ ബാങ്കിങ്ങിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി. വന്‍കിടക്കാര്‍ക്കും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെ രക്ഷയില്ലെന്ന അവസ്ഥയായി. എല്ലാ മേഖലയും സുതാര്യത ഉറപ്പു വരുത്താനായി. ഇതൊരു അഴിമതി രഹിത സര്‍ക്കാരാണ്. പണപ്പെരുപ്പം 4.6 ശതമാനത്തില്‍ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു.

ബജറ്റ് ചോര്‍ന്നുവെന്നും ബി.ജെ.പി ട്രഷററായ പീയൂഷ് ഗോയലിന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാനാകും എന്നും ചോദിച്ചുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് ബജറ്റ് അവതരണം.