നമ്പി നാരായണന് നഷ്ടപരിഹാരവും പത്മ അവാർഡും ലഭിച്ചത് ബ്രാഹ്മണൻ ആയതുകൊണ്ട്: വിവാദ പ്രസ്താവനയുമായി പികെ ഫിറോസ്

single-img
31 January 2019

ഐഎസ്ആർഒ  മുൻ ശാസ്ത്രഞ്ജനും പത്മ പുരസ്കാര ജേതാവുമായ നമ്പി നാരായണനെതിരേ വിവാദ പ്രസ്താവനയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. നമ്പി നാരായണൻ കേസിൽ നിന്നും കുറ്റവിമുക്തനായപ്പോൾ നഷ്ടപരിഹാരവും പത്മഭൂഷൺ പുരസ്കാരവും ലഭിച്ചത് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചതു കൊണ്ടാണെന്ന് ഫിറോസ് പറഞ്ഞു.

ദളിത്- പിന്നാക്ക വിഭാഗത്തിലെ നിരവധി പേർ കള്ളക്കേസിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നമ്പി നാരായണന്‍റെ കാര്യത്തിൽ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി. സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസം പോലും വൈകാതെ നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയ ഇടതു സർക്കാർ നീതി നിഷേധിക്കപ്പെട്ട മറ്റുള്ളവരോടും ഈ സമീപനം പുലർത്തണം. അകാരണമായി ജയിലിൽ അടച്ച്, പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച ഒട്ടേറെപ്പേർ ഇപ്പോഴും പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കും നീതി ഉറപ്പാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.