മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോള്‍ തന്നെ റോസാപൂ നിറമായി മാറും; സൗന്ദര്യം കുറയ്ക്കാനാണ് താടി വയ്പ്പിച്ചത്; പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു

single-img
31 January 2019

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. പേരന്‍പിന്റെ ട്രയിലര്‍ പുറത്തു വന്നപ്പോള്‍ മുതല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം താരങ്ങള്‍ക്കു വേണ്ടി നടന്ന പ്രീമിയിര്‍ ഷോ കൂടി കഴിഞ്ഞപ്പോള്‍ ആകാംക്ഷ അതിന്റെ പാരമ്യതയിലെത്തി. കാരണം ചിത്രം കണ്ടവര്‍ക്കെല്ലാം ഒരേ അഭിപ്രായം. പഴയ മമ്മൂട്ടിയെ തിരികെ കിട്ടി എന്ന്. ഒപ്പം റാമിന്റെ സംവിധായക മികവിനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. റാമിന്റെ കരിയറിലെ മികച്ച ചിത്രം കൂടിയാണ് പേരന്‍പ്.

എന്നാല്‍ സിനിമ ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ തന്നെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റാം. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് റാമിന് പ്രശ്‌നമായി മാറിയത്. അത് കുറയ്ക്കാന്‍ വേണ്ടിയാണ് അമുദന് താടി നല്‍കിയതെന്ന് പറയുകയാണ് റാം. പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോള്‍ തന്നെ റോസാപൂ നിറമായി മാറും. ഈ സിനിമയിലാണെങ്കില്‍ മമ്മൂക്ക ഒരു ടാക്‌സി ഡ്രൈവര്‍ ആണ് ജീവിതത്തില്‍ ഏറെ കഷ്ടപാടുകളിലൂടെ കടന്ന് പോകുന്ന ആളാണ്. അതൊന്നും അദ്ദേഹത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാര്യങ്ങളാണ്. മമ്മൂക്കയുടെ നിറത്തിലോ ഹൈറ്റിലോ രൂപത്തിലോ ഒന്നും അങ്ങനെയുള്ള ഒരു ലക്ഷണങ്ങളും ഇല്ല. അപ്പോള്‍ എന്റെ മുന്നില്‍ ആകെ ഉണ്ടായിരുന്ന ഒരു മാര്‍ഗം താടി വളര്‍ത്തിക്കുക എന്നതായിരുന്നു.

എന്റെ എല്ലാ പടത്തിലെയും നായകന്മാരോട് താടി വളര്‍ത്താന്‍ പറയുന്നത് അത് അവരുടെ അഭിനയത്തെ സഹായിക്കാനാണ്, എന്നാല്‍ ഈ സിനിമയില്‍ ഞാന്‍ മമ്മൂക്കയോട് താടി വളര്‍ത്താന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സൗന്ദര്യം കുറയ്ക്കാന്‍ വേണ്ടിയാണ്’. റാം പറയുന്നു.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് താന്‍ അമരം കാണുന്നതെന്നും എന്നെങ്കിലുമൊരിക്കല്‍ മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുമെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും റാം പറഞ്ഞു. 1991 ല്‍ ഞാന്‍ പ്ലസ് ടു പഠിക്കുന്ന സമയം. ഫെബ്രുവരി ഒന്നിന് ഒരു ചിത്രം റിലീസ് ചെയ്തു അമരം. അന്ന് ആരോടും പറയാതെ ആ സിനിമ കണ്ടു. സംവിധാനത്തോട് ഇഷ്ടം തോന്നുന്നത് അമരം കണ്ടതിനുശേഷമാണ്. എന്നെങ്കിലുമൊരിക്കല്‍ സംവിധായകനായാല്‍ മമ്മൂക്കയെവെച്ച് സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

98ല്‍ തനിയാവര്‍ത്തനം കണ്ടു. അന്ന് വിഡിയോ കാസറ്റ് വഴിയാണ് സിനിമ കണ്ടത്. അതിനുശേഷം വീണ്ടും മമ്മൂക്കയോടുളള ഇഷ്ടം കൂടി. 2007ലാണ് എന്റെ ആദ്യചിത്രം ചെയ്യുന്നത്. പത്മപ്രിയ എന്റെ സുഹൃത്തായിരുന്നു. അവര്‍ വഴിയാണ് ഈ കഥയെക്കുറിച്ച് മമ്മൂട്ടി അറിയുന്നത്. 2014ല്‍ മമ്മൂക്ക കഥ കേട്ടു. ആ സിനിമ ഇന്ന് യാഥാര്‍ഥ്യമായി.