സൈമൺ ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് തങ്ങൾക്ക് പല സംശയങ്ങളുമുണ്ടെന്ന് ഭാര്യ സീനാ ഭാസ്‌ക്കർ

single-img
30 January 2019

സി പിഎം നേതാവായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് തങ്ങൾക്ക് പല സംശയങ്ങളുമുണ്ടെന്ന് ഭാര്യ സീനാ ഭാസ്‌ക്കർ. ബ്രിട്ടോയുടെ മരണത്തെപ്പറ്റി കൂടെയുള്ളവർ പല തരത്തിലാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് ഇല്ലെന്നും സീന ഒരു സ്വകാര്യ ചാനലിൽ വെളിപ്പെടുത്തി.

പുസ്‌തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന ബ്രിട്ടോയെ ശാരീരിക അവശതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ഹൃദയസ്‌തംഭനം വന്ന് മരിക്കുകയുമായിരുന്നു എന്നാണ് ഇതുവരെയുള്ള വിശദീകരണം. എന്നാൽ ഈ വിവരം തെറ്റാണെന്നും ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖവും ഉണ്ടായില്ലെന്നും സീന പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങളില്ലാത്തൊരാൾ പെട്ടെന്ന് ഒരു ദിവസം എങ്ങിനെ ഹൃദ്രോഗിയായെന്ന് അറിയില്ലെന്നും സീന പറയുന്നു.

യാത്രയ്ക്കിടെയാണ് ബ്രിട്ടോയ്ക്ക് അസ്വസ്ഥത ഉണ്ടായത്. രാവിലെ മുതൽ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാന നിമിഷങ്ങളിൽ ബ്രിട്ടോയ്ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണമെന്നും സീന കൂട്ടിച്ചേർത്തു.