കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസ്സില്‍ ചേര്‍ന്നു; നാല് പേര്‍ കൊല്ലപ്പെട്ടു

single-img
30 January 2019

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടക്കം ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നതായും ഇവരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും പോലീസ്. ഇതില്‍ ടി.വി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്‌വാന്‍, സല്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച് വിവരമില്ലെന്നും പോലീസ് വ്യക്തമാക്കി.

ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസില്‍ എത്തിയത്. തുടര്‍ന്ന് അന്‍വറും കുടുംബവും എത്തിപ്പെടുകയായിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലാണ് ഇവർ താമസിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ നവംബര്‍ 19-ന് ആയിരുന്നു ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അന്‍വറും ഭാര്യയും മൂന്ന് മക്കളും വീട്ടില്‍ നിന്ന് പോയത്. പോകുന്ന സമയത്ത് അന്‍വറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു.

ഫോൺ കാളുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇറാൻ വഴി സിറിയയിലെത്തിയതായി വിവരം ലഭിച്ചത്.

നേരത്തെ ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്ന് കുട്ടികളും ഐഎസിൽ എത്തിയതായി ഇവർക്ക് അറിയാമായിരുന്നു. തുടർന്നാണ് മറ്റൊരു മകളും ഭർത്താവും അവരുടെ കുട്ടികളും വീണ്ടും ഐ.എസിലെത്തിയത്. ഇത്തരത്തിൽ ചിലർ കുടുംബങ്ങളുടെ അറിവോടെയൂം സ്ഥലംവിട്ടതായി സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.