ബിജെപിക്ക് ബി.ഡി.ജെ.എസിനെ പേടി?

single-img
29 January 2019

ലോകസഭാ തിരഞ്ഞെടുപിന് മുന്നോടിയായി കേരളത്തിലെ എൻ ഡി എ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കവേ ബിജെപിക്ക് വോട്ട് മറിക്കൽ പേടി. ഘടകകക്ഷിയായ ബിഡിജെഎസ് വോട്ട് മറിക്കാനിടയുണ്ട് എന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ കരുതുന്നത്.

പ്രധാന സീറ്റുകൾ ചോദിച്ചു വാങ്ങി ദുർബല സ്ഥാനാർഥികളെ നിർത്തി വോട്ട് മറിക്കുമോ എന്ന ആശങ്കയാണ് പല നേതാക്കളും പങ്കുവയ്ക്കുന്നത്. സീറ്റ് വിഭജന ചർച്ചകളിൽ ബിഡിജെഎസ് ആവശ്യപ്പെട്ടത് എട്ടു സീറ്റുകളായിരുന്നു. കഴിഞ്ഞദിവസം തൃശൂർ നടന്ന ബിജെപി കോർ കമ്മിറ്റിയിൽ നാല് സീറ്റുകൾ ബി.ഡി.ജെ. എസിനു നൽകാൻ ധാരണ ആയിട്ടുണ്ട് എങ്കിലും, സ്ഥാനാർഥികളുടെ കാര്യത്തിൽ ചില നിബന്ധനകൾ മുന്നോട്ടു വെച്ചേക്കും.

നല്ല പ്രകടനം പ്രതീക്ഷിക്കുന്ന ആറ്റിങ്ങലിലും, കെസി വേണുഗോപാലിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിലും അപ്രതീക്ഷിത മുന്നേറ്റം പ്രതീക്ഷിക്കുന്ന കൊല്ലം സീറ്റിലും ബി ജെ പിക്ക് വോട്ട് മറിക്കൽ പേടി ഉണ്ട്. ഈഴവ വോട്ടുകൾക്ക് സ്വാധീനമുള്ള ആറ്റിങ്ങൽ ബി.ഡി.ജെ. എസിനു നൽകേണ്ട എന്ന് തീരുമാനിച്ചതും ഇതേ പേടികൊണ്ടാണ്.

മണ്ഡലത്തിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികളെ പരിഗണിക്കുന്നവർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉള്ള അടുപ്പമാണ് ബിജെപി നേതാക്കളെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ആലപ്പുഴയിൽ ബിഡിജെഎസിനു നൽകാൻ കോർ കമ്മിറ്റിയിൽ തീരുമാനമായിരുന്നു ഉണ്ടെങ്കിലും തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

വനിതാ മതിൽ മുതല്‍ സംഘപരിവാര്‍ വിരുദ്ധ നിലപാടാണ് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൈക്കൊള്ളുന്നത്. ആര്‍എസ് എസ് മുന്‍കൈ എടുത്തു നടത്തിയ അയ്യപ്പ സംഗമം ഉള്‍പ്പടെയുള്ള എല്ലാ പരിപാടികളുടെയും ശക്തനായ വിമര്‍ശകന്‍ ആയിരുന്നു വെള്ളാപ്പള്ളി. ഇതാണ് ബിജെപി നേതാക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രധാനഘടകം. ബിഡിജെഎസ് പ്രത്യേക പാര്‍ട്ടിയാണ് എങ്കിലും വെള്ളാപ്പള്ളി തന്നെയാണ് ഇപ്പോഴും അവസാന വാക്ക്.