‘വാക്ക് പാലിക്കാത്ത നേതാക്കളെ ജനം തല്ലും’; ബിജെപി നേതൃത്വത്തിന് വീണ്ടും നിതിന്‍ ഗഡ്കരിയുടെ പരോക്ഷവിമര്‍ശനം

single-img
28 January 2019

ബിജെപി നേതൃത്വത്തിന് വീണ്ടും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരോക്ഷവിമര്‍ശനം. വാക്ക് പാലിക്കാത്ത നേതാക്കളെ ജനം തല്ലുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ചില നേതാക്കള്‍ ജനങ്ങള്‍ക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കും എന്നാല്‍ പിന്നീട് അത് പാലിക്കില്ല. അത്തരക്കാരെ ജനങ്ങള്‍ തല്ലും.

താന്‍ എന്തു വാഗ്ദാനങ്ങള്‍ നല്‍കുന്നോ അത് നൂറു ശതമാനം പാലിക്കാറുണ്ടെന്നും ഗഡ്കരി പറഞ്ഞു. മുംബൈയില്‍ വിവിധ അടിസ്ഥാന റോഡ് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണു ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന്, മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചിരുന്നു. അതിന്റെ ചൂടാറും മുന്‍പാണ് അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമര്‍ശമെങ്കിലും ബിജെപിയാണു ലക്ഷ്യമെന്നാണു സൂചന.

‘വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കാള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍, ജനം പ്രഹരിക്കും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്‍കാവൂ. സ്വപ്നങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാന്‍. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ’ മുംബൈയില്‍ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.

നേരത്തെ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച ശിവസേന, ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണു ഗഡ്കരിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.