കേന്ദ്ര മന്ത്രി കണ്ണന്താനത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

single-img
28 January 2019

മലയാളിയായ ഉദ്യോഗസ്ഥന് ഉന്നതസ്ഥാനം ലഭിക്കുന്നത് തടയാൻ വ്യാജരേഖ ചമച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണത്തിൽ കേന്ദ്ര മന്ത്രി കണ്ണന്താനത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മുൻ കേരള അക്കൗണ്ടന്റ് ജനറലായിരുന്ന ജെയിംസ് കെ. ജോസഫിന്റെ പരാതിയാണ് അന്വേഷിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദ്ദേശിച്ചത്.

ജെയിംസ് കെ ജോസഫിന് കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണലിൽ ലഭിക്കേണ്ട അംഗത്വമത്തിനുള്ള ഫയലുകളിൽ കണ്ണന്തനം കൃത്രിമം കാണിച്ചു എന്നാണ് ആരോപണം. ജെയിംസ് കെ ജോസഫിന് അനുകൂലമായ ഐബി റിപ്പോർട്ട് മാറ്റി, പകരം വ്യാജ ഐ ബി റിപ്പോർട്ട് ഉണ്ടാക്കി എന്നതാണ് പ്രധാന ആരോപണം. ഇതേ തുടർന്ന് സെലക്ഷൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് റദ്ദ് ചെയ്തു. കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിലെ ഉന്നതരെ ഉപയോഗിച്ചാണ് കേന്ദ്ര അഡ്മിനിസിട്രേറ്റീവ് ട്രിബ്യൂണൽ അംഗത്വം കണ്ണന്താനം തടഞ്ഞത് എന്നാണ് ജെയിംസ് കെ ജോസഫിന്റെ ആരോപണം.

2014ലാണ് ജെയിംസ് കെ ജോസഫ് പൊലീസിൽ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ‌ ചെയ്തത്. കണ്ണന്താനത്തെ കൂടാതെ പേഴ്സണൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായിരുന്ന ബുദ്ധ് പ്രകാശ്, കേശബ്ദേശി രാജു, എ എൻ തിവാരി എന്നിവരെയും പ്രതിയാക്കി വട്ടിയൂർക്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പിന്നീട് പൊലീസ് മെല്ലെപ്പോക്ക് തുടർന്നു. നാലുവർഷം കാത്തിരുന്നശേഷം ജെയിംസ് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു