കുപ്രചരണങ്ങൾക്ക് പിന്നിൽ ഒരു നിർമാതാവ്; ചില തെളിവ് പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകും: ആദിത്യൻ

single-img
27 January 2019

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കു പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണെന്ന് നടി അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യൻ. ചില തെളിവ് പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിൽ വലിയ കോളിളക്കം ഉണ്ടാകുമെന്നും, ഇനിയും ഇത്തരം കുപ്രചരങ്ങൾ തുടരുകയാണെങ്കിൽ താൻ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞു.

അനശ്വരനടന്‍ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകനും സീരിയല്‍ നടനുമാണ്‌ ആദിത്യന്‍.

തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ആ നിർമ്മാതാവാണ്. ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാൻ താമസം മാറി പോകാൻ വരെ കാരണക്കാരൻ അയാളാണ്. 18കൊല്ലമായി ഞാൻ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ എന്നും നടന്‍ ആദിത്യന്‍ ചോദിച്ചു.

ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾ അമ്പിളി ദേവിക്കെതിരെയല്ല എന്നും, എല്ലാം തനിക്ക് നേരെയാണെന്നും ആദിത്യന്‍ പറഞ്ഞു. തന്നോട്ട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യൻ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന്റെ ഓൺലൈൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ ഇക്കാര്യം പറഞ്ഞത്.