സെൻകുമാർ ഇങ്ങനെയായിരുന്നില്ല; നമ്പി നാരായണനെ ഗോവിന്ദചാമിയോട് ഉപമിച്ചതിന് ശ്രീധരൻപിള്ള മറുപടി പറയണമെന്ന് മന്ത്രി എകെ ബാലൻ

single-img
26 January 2019

സെന്‍കുമാറിന്റെ പരാമര്‍ശം ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്നു മന്ത്രി എ കെ ബാലൻ. നമ്പിനാരായണനെതിരായ ടി പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണെന്നും മന്ത്രി  പറഞ്ഞു.

ബിജെപി അനുഭാവം പ്രകടിപ്പിക്കുന്നവരും മുമ്പ് സെൻകുമാർ ഇങ്ങനെ ഒരാളായിരുന്നില്ല. മറിയം റഷീദയോടും ഗോവിന്ദചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നും എ.കെ ബാലന്‍ പറഞ്ഞു.

പത്മഭൂഷന്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ ടി.പി സെന്‍കുമാര്‍ അധിക്ഷേപിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണം-  മന്ത്രി പറഞ്ഞു.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പുരസ്‌കാരത്തിന് നമ്പി നാരായണന്‍ അര്‍ഹനല്ലെന്നും നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.