വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

single-img
25 January 2019

ബംഗളുരു: വിദ്യാര്‍ഥികള്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിംഗ് ഉപഗ്രഹം മൈക്രോസാറ്റ് ആറിനൊപ്പമാണ് പിഎസ്എല്‍വി സി-44 റോക്കറ്റില്‍ കലാംസാറ്റ് പറന്നുയര്‍ന്നത്. വ്യാഴാഴ്ച രാത്രി 11.37-ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു വിക്ഷേപണം.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഉപഗ്രഹത്തിന് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായാണ് കലാംസാറ്റ് എന്ന പേരിട്ടത്. വിദ്യാര്‍ഥികള്‍ ആറ് വര്‍ഷത്തോളമെടുത്ത് വികസിപ്പിച്ചെടുത്ത വാര്‍ത്തവിനിമയ ഉപഗ്രഹമാണ് കലാംസാറ്റ്.

ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം കൂടിയാണിത്. സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം എന്ന പ്രത്യേകത കൂടി കലാം സാറ്റ് 2 വിനുണ്ട്. 64ഗ്രാം ഭാരമുള്ള കലാംസാറ്റ് (ഗുലാബ് ജാമുന്‍) 2017ല്‍ നാസ വിക്ഷേപിച്ചിരുന്നെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല.