റഫേല്‍ അഴിമതി: ഇന്ത്യൻ വ്യോമ സേനയുടെ നട്ടെല്ല് തകർത്ത് മോദി സർക്കാർ; രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേന 26 സ്ക്വാ​ഡ്ര​നായി ചുരുങ്ങും

single-img
24 January 2019

റഫേൽ അഴിമതി ഇന്ത്യൻ വ്യോമസേനയുടെ കാര്യക്ഷമതയെ കാര്യമായി ബാധിച്ചതായി റിപ്പോർട്ട്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേന അതിന്‍റെ ഏറ്റവും കുറഞ്ഞ ശക്തിയായ 26 സ്ക്വാഡ്രൻ ആയി ചുരുങ്ങുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ സമയത്തു പാകിസ്ഥാനും ഏതാണ്ട് ഇത്രതന്നെ സ്ക്വാ​ഡ്ര​നുകൾ ഉണ്ടാകും. 25 സ്ക്വാ​ഡ്ര​നാണു ആ സമയത്തു പാക്കിസ്ഥാന് ഉണ്ടാകുക. എന്നാൽ ചൈനയ്ക്ക് അതേസമയം 42 സ്ക്വാഡുകൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള ശേഷിയും ആ സമയത്തു ഉണ്ടാകും.

ഇന്ത്യൻ വ്യോമസേനയുടെ അംഗീകരിച്ച ശക്തി 42 സ്ക്വാ​ഡ്ര​നാണ്. ഒരു സ്ക്വാ​ഡ്രനിൽ 18 വിമാനങ്ങൾ ആണ് ഉള്ളത്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്കു 30 സ്ക്വാ​ഡ്ര​നുകളാണുള്ളത്. എന്നാൽ 2021-2022 ആകുന്നതോടെ സോവിയറ്റ് യൂണിയനിൽ നിന്ന് വാങ്ങിയ മിഗ് വിമാനങ്ങൾ പൂർണമായും ഒഴിവാക്കേണ്ടിവരും. നിലവിൽ മിഗ് ശ്രേണിയിലുള്ള ആറ് സ്ക്വാഡ്രണ്‍ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നത്. മിഗ് വിമാനങ്ങളുടെ കാലാവധി കഴിയുന്നതോടെ 24 സ്ക്വാ​ഡ്രണായി ഇന്ത്യൻ വ്യോമസേനയുടെ ശക്തി ചുരുങ്ങും. നിലവിലെ കരാര്‍ സമയബന്ധിതമായി നടപ്പായാല്‍ ഒരു സ്ക്വാഡ്രണ്‍ റാഫേല്‍ വിമാനവും ഒരു സ്ക്വാഡ്രണ്‍ തേജസ്‌ വിമാനവും ലഭിക്കും.

ഇതു മുന്നിൽ കണ്ട് കൊണ്ടാണ് കഴിഞ്ഞ യുപിഎ സർക്കാർ 126 റാഫേൽ വിമാനങ്ങൾ വാങ്ങുവാൻ വേണ്ടി തീരുമാനിച്ചിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷനങ്ങള്‍ക്കൊടുവിലാണ് റഫേല്‍ വിമാനത്തെ അന്ന് ഇന്ത്യന്‍ വ്യോമ സേന തെരഞ്ഞെടുത്തത്. ആറു സ്ക്വാഡ്രണ്‍ മിഗ് വിമാനങ്ങൾക്ക് പകരം ഏഴു സ്ക്വാഡ്രണ്‍ റാഫേൽ വിമാനങ്ങൾ ഉൾപ്പെടുത്താനായിരുന്നു യു പി എ സർക്കാരിന്റെ ശ്രമം. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഇത് കേവലം 2 സ്ക്വാഡ്രണ്‍ ആയി ചുരുക്കി. 36 വിമാനങ്ങൾ മാത്രം മതിയെന്നാണ് മോദി സർക്കാർ തീരുമാനം.

ഇത് ബാധിച്ചത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ തയ്യാറെടുപ്പുകളെയാണ്. വീണ്ടും ഇന്ത്യ പുതിയ വിമാനങ്ങൾ വാങ്ങാൻ ശ്രമിക്കുകയാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ അതിനു വർഷങ്ങൾ നീണ്ട പരീക്ഷണം തന്നെ വേണ്ടിവരും. എന്നാൽ 2027 യോടെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങൾ വ്യോമ സേനയുടെ ഭാഗമാകും. 83 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യൻ വ്യോമസേന കരാർ ഒപ്പിട്ടിരിക്കുന്നത്.