അമിത് ഷായുടെ ആരോഗ്യം മോശമായി; ഡൽഹിയിലേക്ക് മടങ്ങി

single-img
23 January 2019

പനി കൂടിയതിനാൽ ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ ന്യൂഡൽഹിയിലേക്കു മടങ്ങി. ബംഗാളിലെ തന്നെ ഝാഡ്ഗ്രാമിലെ റാലിയിൽ ഷാ പങ്കെടുത്തില്ല. റാലികളിൽ പങ്കെടുക്കരുതെന്ന് ഡോക്ടർമാർ നിർദേശിച്ചതായി ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.

അതിനിടെ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാൻ പറ്റുമോ എന്ന സംശയത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്താനിരുന്ന റാലി മാറ്റിവെച്ചു. ആദ്യം ജനുവരി 23-ന് നടത്താനിരുന്ന റാലി പിന്നീട് 29-ലേക്കും ഫെബ്രുവരി എട്ടിലേക്കും മാറ്റിയിരുന്നു.

എന്നാൽ, ഫെബ്രുവരി എട്ടിനും പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി നടക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ബ്രിഗേഡിലേക്കെത്തില്ലെങ്കിലും ജനുവരി 28-ന് സിലിഗുഡിയിലും 31-ന് ഠാക്കൂർനഗറിലും ഫെബ്രുവരി എട്ടിന് അസൻസോളിലും മോദി റാലികളിൽ പ്രസംഗിക്കുമെന്ന് ഘോഷ് പറഞ്ഞു.

അതേസമയം, തൃണമൂൽ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലിയിലെ ജനപങ്കാളിത്തംകണ്ട് ഭയന്നാണ് മോദിയുടെ ബ്രിഗേഡ് റാലി ഉപേക്ഷിച്ചതെന്ന് തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പരിഹസിച്ചു. സംഘാടനത്തിന് കുറഞ്ഞ സമയമേ കിട്ടിയുള്ളൂ എന്നകാരണത്താൽ റാലി ഉപേക്ഷിക്കുന്നത് മതിയായ ന്യായീകരണമല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം.