പ്രവാസി യാത്രക്കാരുടെ ഭാരമേറിയ ലഗേജുകള്‍ കയറ്റുകയും സ്റ്റോപ്പുകളില്‍ സുരക്ഷിതമായി ഇറക്കി കൊടുക്കയും ചെയ്യുന്ന ഒരു കണ്ടക്ടര്‍; കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ചിലരുണ്ട്

single-img
23 January 2019

കെഎസ്ആര്‍ടിസിക്കെതിരെ ഒരുപാട് പരാതികളുണ്ടാവാറുണ്ട്. പലപ്പോഴും അവ വലിയ തോതില്‍ ചര്‍ച്ചകളാവാറുമുണ്ട്. എന്നാല്‍ ഈ ആനവണ്ടിയും ജീവനക്കാരും ഒത്തിരി നന്മകളുടെ കാവലാളുകളും ആകാറുണ്ട്. അര്‍ദ്ധരാത്രിയില്‍ റോഡില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീക്ക് കാവല്‍ നിന്നതുള്‍പ്പെടെ പല സംഭവങ്ങളും ഉദാഹരണങ്ങളായിട്ടുണ്ട്. എന്നാല്‍ ചെറിയൊരു പിഴവില്‍ അതൊക്കെ നമ്മള്‍ മറന്നുപോകുകയാണ് പതിവ്.

എന്നാല്‍ ചില നന്മമരങ്ങളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അതിലൊന്നും പരാതിയെ ഇല്ല. കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളെല്ലാം മാറ്റുന്നതാണ് പിയൂഷ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഒരു പോസ്റ്റ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രക്കിടെ പ്രവാസി യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷിതമായി ഇറക്കി കൊടുക്കുകയും മറ്റുള്ളത് സുരക്ഷിതമായി അടുക്കി വെക്കുകയും ചെയ്യുകയാണ് ഈ കണ്ടക്ടര്‍.

ഒരു കണ്ടക്ടര്‍മാരും ഇതേപോലെ യാത്രക്കാരോട് ഇത്ര സഹകരണത്തില്‍ പെരുമാറില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വൈറലായതിനു പിന്നാലെ നിരവധി പേരാണ് കണ്ടക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശി ഫൈസല്‍ കറുത്തേടത്താണ് ഈ കണ്ടക്ടര്‍ എന്ന് ഒരാള്‍ കമന്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

#KSRTC #കാണണം ഈ #കണ്ടക്ടറുടെ ആത്മാർത്ഥത.ഞാൻ തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് നമ്മുടെ സ്വന്തം കെ.എസ്.ആർ.ടിസിയുടെ എ.സി ലോ ഫ്ലോർ ബസിൽ യാത്ര ചെയ്യുകയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള JN458 എന്ന ബസാണ്. സമയം 12.40 pm. പതിനൊന്ന് മണിക്ക് തൃശൂരിൽ നിന്നും എടുത്തപ്പോൾ മുതൽ ഈ ബസിലെ കണ്ടക്ടറെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. പ്രവാസികളായ യാത്രക്കാരാണ് ഏറെയും. അതിനാൽ വണ്ടി നിറയെ ലഗേജുകളാണ്. ഈ ലഗേജൊക്കെ ഈ കണ്ടക്ടർ ഒറ്റയ്ക്ക് ഒതുക്കി വയ്ക്കുന്നു. എല്ലാം ഇരുപതും മുപ്പതും കിലോയുള്ള ലഗേജുകൾ. എല്ലാം സൂഷ്മമായിട്ടാണ് അടുക്കി വെക്കുന്നതും. സാധാരണ കണ്ടക്ടർ ലഗേജുകൾ ഒതുക്കി വയ്ക്കൂ എന്ന് പറഞ്ഞ് ഒച്ച വയ്ക്കുകയാണ് പതിവ്. എന്നാൽ അരോടും ഒരു പരിഭവുമില്ലാതെ പുള്ളി അതെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ അതിശയം തോന്നി. ആളുകൾ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ഇതൊക്കെ ഈ കണ്ടക്ടർ തന്നെ ഇറക്കി കൊടുക്കുന്നത് കണ്ട് വീണ്ടും ഞെട്ടി. സത്യം പറഞ്ഞാൽ ചുമട്ടു തൊഴിലാളികൾ പോലും ഇത്ര അത്മാർത്ഥതയോടെ പണിയെടുക്കില്ല. പുള്ളി അറിയാതെ ഞാൻ ആ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട് എന്ന് എല്ലാവരും അറിയട്ടെ എന്നു കരുതിയാണ് ഞാനിവിടെ ഷെയർ ചെയ്യുന്നത്.Peeyoosh RAnavandi KeralaKSRTC BusfanAanavandiAanavandi Travel BlogTeam Aanavandi – KSRTC Blog

Posted by Kannur Airport FB-Fans on Saturday, January 19, 2019