എടപ്പാൾ ഓട്ടം: ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ പോലീസ് സ്റ്റേഷനിൽ തുരുമ്പെടുത്തു നശിക്കുന്നു

single-img
23 January 2019

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലിനിടെഎടപ്പാളിൽ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ സ്റ്റേഷന്‍ വളപ്പില്‍ കിടന്നു നശിക്കുന്നു. ഈ മാസം മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ ഉപേക്ഷിച്ചു പോയതും പോലീസ് പിടിച്ചെടുത്തതുമായ ബൈക്കുകളാണ് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി തുരുമ്പെടുത്തു കൊണ്ടിരിക്കുന്നത്.

ബൈക്കിന്റെ ഉടമസ്ഥരിൽ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ബൈക്ക് പോലീസ് കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും സ്റ്റേഷനില്‍ നേരിട്ട് ഹാജരായില്ല.എന്നാൽ ഭൂരിപക്ഷം പേരും  നഷ്ടപ്പെട്ട ബൈക്കുകൾ സ്വന്തമാണെന്ന് അവകാശപ്പെട്ട പൊലീസ്സ്റ്റേഷനിൽ ചെന്നിരുന്നില്ല. ബൈക്കുകളുടെ നമ്പർ പരിശോധിച്ച പോലീസ് ഉടമസ്ഥരെ തിരിച്ചറിഞ്ഞെണ്ടെങ്കിലും ആരേയും അങ്ങോട്ട് തിരഞ്ഞു പോകുകയും ചെയ്തിരുന്നില്ല.

ഇതിനിടെ ചിലർ ബൈക്കുകൾ തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അവരോട് അന്വേഷണം പൂര്‍ത്തിയായ ശേഷമേ ബൈക്ക് വിട്ടുതരാനാവൂ എന്നാണ് പോലീസ് പറഞ്ഞത്.

സംസ്ഥാനത്തു വ്യാപകമായി അക്രമങ്ങൾ ഉണ്ടായ ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജംഗ്ഷനില്‍ സിപിഎം -സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം `എടപ്പാള്‍ ഓട്ടം´ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പിന്നീട് വൈറലായിരുന്നു.  എടപ്പാൾ ടൗണിൽ ഹർത്താൽ അനുകൂലികളെ നേരിടാൻ നിന്നവരും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.