മോദി സർക്കാർ പ്രഖ്യാപിച്ച ബേട്ടി ‘ബചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ ആകെ തുകയുടെ 56% ചെലവഴിച്ചത് പരസ്യങ്ങൾക്കായി

single-img
22 January 2019

നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ആകെ തുകയുടെ 56 ശതമാനവും ചിലവഴിച്ചത് പരസ്യത്തിനായി. ഇതുമായി ബന്ധപ്പെട്ട പാർലമെന്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ വീരേന്ദ്രകുമാർ ഇക്കാര്യം സഭയെ അറിയിച്ചത്.

നാല് വര്ഷം കൊണ്ട് വകയിരുത്തിയ ആകെ 644 കോടി രൂപയില്‍ വെറും 24.5 ശതമാനം അതായത് 159 കോടി രൂപ മാത്രമാണ് പദ്ധതി നിര്‍വഹണത്തിന് കേന്ദ്രം സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി അനുവദിച്ചത്. ബാക്കിയുള്ള തുകയുടെ ഏകദേശം 364 കോടിരൂപയും ചിലവഴിച്ചത് പരസ്യങ്ങൾക്കായി ആണ്. ഇത് ആകെ പദ്ധതി വിഹിതത്തിന്റെ 56% വരും എന്നാണു മന്ത്രി സഭയെ രേഖാമൂലം അറിയിച്ചത്.

ഹരിയാനയിലെ പാനിപ്പട്ടില്‍ 2015 ജനുവരി 22 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബേട്ടി ബചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഉദ്ഘാടനം ചെയ്തത്. സമൂഹത്തില്‍ കുറഞ്ഞുവരുന്ന പെണ്‍ശിശു ജനന നിരക്കും അതുമായി ബന്ധപ്പെട്ട സ്ത്രീശാക്തീകരണ വിഷയങ്ങളുമാണ് ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി കൈകാര്യം ചെയ്യുന്നത്. വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, മനുഷ്യവിഭവ വികസന മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.