എന്‍ജിനില്‍നിന്ന് അതിശക്തമായ വിറയല്‍: ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷം തിരിച്ചിറക്കി

single-img
22 January 2019

ലഖ്‌നൗവില്‍ നിന്ന് ജയ്പൂരിലേക്ക് പോയ ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷം തിരിച്ചിറക്കി. വിമാനത്തിന്റെ എന്‍ജിനില്‍നിന്ന് അതിശക്തമായ വിറയല്‍ അനുഭവപ്പെട്ടതോടെ പൈലറ്റ് വിമാനം തിരികെയിറക്കുകയായിരുന്നു.
പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിന്‍ ഘടിപ്പിച്ച എ.320 നിയോ വിമാനത്തിനാണ് പറന്നുയര്‍ന്നശേഷം തകരാര്‍ കണ്ടെത്തിയത്.

വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും, വിദഗ്ധസംഘം വിമാനം പരിശോധിക്കുകയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിനുകള്‍ ഘടിപ്പിച്ച എ.320 നിയോ വിമാനങ്ങളില്‍ വ്യാപകമായ തകരാര്‍ കണ്ടെത്തിയതിനാല്‍ ഇത്തരം വിമാനങ്ങള്‍ ഒഴിവാക്കണമെന്ന് ഡി.ജി.സി.എ. നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് കോടതി ഈ നിര്‍ദേശം ഒഴിവാക്കണമെന്ന് ഉത്തരവിടുകയും എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തേണ്ടതില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്‍ഡിഗോ മാത്രം ഇത്തരത്തിലുള്ള 57 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.