അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി ‘ശരണമയ്യപ്പ സ്വാമിയേ കീ ജയ്…’ വിളിച്ചത് എന്തിനാ…?; ട്രോളുമായി സോഷ്യല്‍ മീഡിയ

single-img
21 January 2019

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയി ആയിരുന്നു. ശരണമയ്യപ്പ സ്വാമിയേ കീ ജയ്; അയ്യപ്പ ശാസ്താവേ കീ ജയ്, ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അവര്‍ പ്രസംഗം തുടങ്ങിയത്.

എന്നാല്‍ അമൃതാനന്ദമയിയുടെ വ്യത്യസ്തമായ ശരണംവിളി കേട്ട് സദസ്സിലും വേദിയിലുമുണ്ടായിരുന്ന ഭക്തര്‍ ആശ്ചര്യപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്തിനാണ് അയ്യപ്പനൊപ്പം കീ ജയ് ചേര്‍ത്ത് ‘അമ്മ’ ശരണം വിളിച്ചതെന്ന് വേദിയിലുണ്ടായിരുന്നവര്‍ പരസ്പരം ചോദിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ സംഭവവികാസങ്ങള്‍ ഏറ്റവും ദൗര്‍ഭാഗ്യകരമാണെന്ന് അമൃതാനന്ദമയി പറഞ്ഞു. ഓരോ ക്ഷേത്രസങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്ര ആരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്നത്തിനും കാരണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്.

അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്ര ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ക്ഷേത്രത്തിലെ ദേവതയും സര്‍വവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നമ്മള്‍ മനസിലാക്കണം. സര്‍വ വ്യാപിയായ ഈശ്വരന് യാതൊരു പരിമിധികളുമില്ല. അവിടുത്തേക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ല. എങ്ങും നിറഞ്ഞു നില്‍ക്കുന്ന അനന്തമായ ശക്തിയാണ്.

പക്ഷെ ക്ഷേത്രത്തിലെ ദേവിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കിലെ മത്സ്യത്തിന് നമ്മള്‍ സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളംമാറികൊടുക്കണം, ഓക്സിജന്‍ കൊടുക്കണം. സമുദ്രത്തിലെ മത്സ്യത്തിന് ഇത്തരം നിബന്ധനകളൊന്നുമില്ല. അതുപോലെ നദിയില്‍ ഇറങ്ങി നമ്മള്‍ കുളിക്കുന്നതിന് പ്രത്യകിച്ച് നിബന്ധനകള്‍ ഒന്നുമില്ല.

അതേസമയം ആ നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍റ്റര്‍ ചെയ്യണം എന്നീ നിബന്ധനകള്‍ വരും. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം. വിയര്‍പ്പെല്ലാം കളഞ്ഞ് പ്രത്യേക ഒരു വസ്ത്രവും ധരിക്കണം. മാത്രമല്ല സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ സോപ്പും തേക്കാന്‍ പാടില്ല.

നദിയിലെ വെള്ളം തന്നെയാണ് അവിടെയുമുള്ളത്. സര്‍വവ്യാപിയായ ഈശ്വരന്റെ ഒരു ഭാഗം തന്നെയാണ് അതും. പക്ഷേ അതില്‍ ശുദ്ധാശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും ആവശ്യമാണ്. നമ്മള്‍ ഏത് രീതില്‍ ഭാവിക്കുന്നുവോ അതുപോലെയായിരിക്കും ഫലവും കിട്ടും.

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പ് പ്രകടിപ്പിച്ച ഒരു ആഗ്രഹം അനുസരിച്ചാണ് ഇത്തരം സമ്പ്രദായങ്ങള്‍ നിലവില്‍ വന്നതെന്നാണ് വിശ്വാസം. കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ആവശ്യമാണ്. പക്ഷെ നമ്മുടെ ക്ഷേത്രങ്ങളെ മറന്നുകൊണ്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അതിലൂടെ നമ്മുടെ മൂല്യങ്ങളാണ് നഷ്ടപ്പെട്ട് പോകുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാകാന്‍ ഇടയാകരുത്.

ആചാരങ്ങള്‍ തെറ്റിക്കരുത് സംസ്‌കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണ്. അര്‍ജുനന്‍ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോള്‍ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. പയ്യെത്തിന്നാല്‍ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നു പറഞ്ഞ് അമൃതാനന്ദമയി തന്റെ പ്രസംഗം അവസാനിപ്പിച്ചു.