കർണ്ണാടകയിൽ വിറപ്പിക്കാൻ ശ്രമിച്ചു, ആന്ധ്രയിൽ ശരിക്കും വിറച്ചു; ആന്ധ്രയിൽ ആകെയുള്ള നാല് ബിജെപി എംഎൽഎമാരിൽ ഒരാൾ പാർട്ടിവിട്ടു

single-img
21 January 2019

ശക്തമായ രാഷ്ട്രീയ നീക്കങ്ങളുമായി ദക്ഷിണേന്ത്യയില്‍ നിലയുറപ്പിക്കാനുള്ള ബിജെപി ശ്രമത്തിന് ആദ്യതിരിച്ചടി  ആന്ധ്രാപ്രദേശിൽ നിന്നും. ആന്ധ്രയിലെ പാര്‍ട്ടിയുടെ ആകെയുള്ള നാല് എംഎല്‍എമാരില്‍ ഒരാളായ അകുല സത്യനാരായണ ബിജെപി വിട്ടു. പാർട്ടി വിടുന്നതിൻ്റെ ഭാഗമായി എംഎല്‍എ സ്ഥാനവും ഇദ്ദേഹം രാജിവെച്ചിട്ടുണ്ട്.

രാജമഹേന്ദ്രവരം എംഎല്‍എയാണ് അകുല സത്യനാരായണയാണ്‍. നിയമസഭ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് അകുല സത്യനാരായണന്‍ രാജിക്കത്ത് കൈമാറി. തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് ആന്ധ്രയിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി എം.എല്‍.എ പാര്‍ട്ടിവിട്ടത്.

നടന്‍ പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടിയില്‍ ചേരുമെന്ന് അകുല സത്യനാരായണ അറിയിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണക്ക് അകുല സത്യനാരായണ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന കത്ത് കൈമാറിയിട്ടുണ്ട്. അതേസമയം എന്തുകൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കിയിട്ടില്ല.

അകുല സത്യനാരായണയുടെകൂറുമാറ്റത്തിനു പിന്നാലെ ആന്ധ്രപ്രദേശില്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. നേരത്തെ ടിഡിപി ബിജെപിയുമായുള്ള  ബന്ധം അവസാനിപ്പിച്ചിരുന്നു.