‘പ്രളയകാലത്ത് കേരളത്തെ കേന്ദ്രം കൈവിട്ടു; കേരളത്തിന് ലഭിക്കേണ്ട കോടികള്‍ മോദി നഷ്ടപ്പെടുത്തി: പ്രധാനമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

single-img
20 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മടിച്ചു. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചു. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം നടത്തി. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണം നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ച മോദിയുടെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു സര്‍ക്കാരിനും എതിര്‍ത്ത് നില്‍ക്കാനാകില്ല.

1991ന് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. സ്ത്രീകളെ ഇരുട്ടറയിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്നതിനെ എതിരെയായിരുന്നു വനിതാ മതില്‍. വനിതാ മതില്‍ ലോകം ശ്രദ്ധിച്ചു. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വനിതാ മതില്‍ പ്രധാന തലക്കെട്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.