48 മണിക്കൂര്‍ കൊണ്ട് ബി.ജെ.പി എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ തനിക്കറിയാം: വെല്ലുവിളിച്ച് കുമാരസ്വാമി

single-img
20 January 2019

കര്‍ണാടകയില്‍ ഓപറേഷന്‍ താമര ചീറ്റിയെങ്കിലും പാര്‍ട്ടി എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ നിന്നു പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയാറായിട്ടില്ല. ബിഡതിയിലെ ഈഗിള്‍ടണ്‍, വണ്ടര്‍ലാ എന്നീ റിസോര്‍ട്ടുകളിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ്ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു പുറമെ 11 പേരെയെങ്കിലും കൂടി മറുകണ്ടം ചാടിക്കാനായാലേ ബിജെപിക്കു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കൂ. അതേസമയം സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

ഇതിനിടെ ഓപറേഷന്‍ താമരയ്ക്കു ബദലായി ബിജെപിയിലെ ചില എംഎല്‍എമാരുമായി ദള്‍–കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. 48 മണിക്കൂറിനകം ബി.ജെ.പി എം.എല്‍.എമാരെ മുഴുവന്‍ മറുകണ്ടം ചാടിക്കുമെന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കര്‍ണാടകയില്‍ യാതൊരു പ്രശ്‌നവുമില്ല. 48 മണിക്കൂറിനകം ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാന്‍ തനിക്ക് കഴിയുമെന്നും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി നിരന്തരം ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് എല്ലാ എം.എല്‍.എമാരുടെയും പിന്തുണയുണ്ട്. എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.