കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്

single-img
20 January 2019

ബംഗളൂരു: കര്‍ണാടകയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ സഹപ്രവര്‍ത്തകനുമായി അടികൂടിയ കോണ്‍ഗ്രസ് എം.എല്‍.എ ആശുപത്രിയില്‍. ആനന്ദ് സിങ് ആണ് ആശുപത്രിയില്‍ ചികിത്‌സ തേടിയത്. റിസോര്‍ട്ടില്‍ വെച്ച് ജെ.എന്‍ ഗണേശ് എന്ന എം.എല്‍.എ കുപ്പികൊണ്ട് ആനന്ദ് സിങ്ങിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് റിസോര്‍ട്ടില്‍വച്ച് ജെ.എന്‍.ഗണേശ് എന്ന എംഎല്‍എയുമായി ആനന്ദ് സിങ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും സിംഗിനെ ഗണേശ് കുപ്പിക്ക് അടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് റിപ്പോര്‍ട്ട് നിഷേധിച്ചെങ്കിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച രാവിലെ അപ്പോളോ ആശുപത്രിയിലെത്തി.

അതേസമയം, ആശുപത്രിയില്‍ പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രഘുനാഥ് പരാതിപ്പെട്ടു. സംഘര്‍ഷമുണ്ടായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ തള്ളി. എന്നാല്‍ ഇദ്ദേഹത്തിന്റെ സഹോദരനും എംഎല്‍എയുമായ ഡി.കെ.സുരേഷ് ആശുപത്രിയിലുണ്ട്.

അതേസമയം, തമ്മിലടി ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. റിസോര്‍ട്ടില്‍ സ്വന്തം പാര്‍ട്ടിയിലെ തമ്മിലടി തടയാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും അനന്ത് സിംഗ് വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ഥിക്കുന്നെന്നും ബിജെപി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ 80 എംഎല്‍എമാരില്‍ 76 പേരെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമങ്ങള്‍ തുടരുന്നതിനിടെയാണു നടപടി. അതേസമയം, പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്ന നാല് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.