ചരിത്രനേട്ടത്തിലേക്ക് ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ചാഹലിന് ആറു വിക്കറ്റ്

single-img
18 January 2019

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 231 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 48.4 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. യൂസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങിന്റെ പിന്‍ബലത്തിലാണ് ഓസ്ട്രേലിയയെ ചെറിയ സ്‌കോറിലൊതുക്കിയത്.

ചാഹല്‍ 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിലെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മല്‍സരം ജയിക്കുന്നവര്‍ക്കാണ് പരമ്പര.

തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ ഓപ്പണര്‍മാരായ അലെക്‌സ് ക്യാരിയേയും ആരോണ്‍ ഫിഞ്ചിനേയും ഓസീസിന് നഷ്ടമായി. ബുവനേശ്വര്‍ കുമാറാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ കര കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുസ്വേന്ദ്ര ചഹാല്‍ അവതരിച്ചു.

സ്‌കോര്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഷോണ്‍ മാര്‍ഷും പുറത്ത്. പിന്നീടങ്ങോട്ട് ചഹാലിന്റെ ആധിപത്യമായി ഓസീസ് ഇന്നീങ്‌സ് മാറുകയായിരുന്നു. കൃത്യമായി ഇടവേളകളില്‍ ചഹാല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി. പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി ചാഹല്‍ ഓസീസിന്റെ വേരറുത്തു. 58 റണ്ണെടുത്ത പീറ്റര്‍ ഹാന്‍സ്‌കോമ്പ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ച് നിന്നത്. ചാഹലിനു പുറമെ ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.