റിട്ടേണ്‍ നല്‍കിയാല്‍ ഒരൊറ്റദിവസം കൊണ്ട് റീഫണ്ട് അക്കൗണ്ടിലെത്തും

single-img
17 January 2019

ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്റഗ്രേറ്റഡ് ഇ ഫില്ലിങ്ങിനും കേന്ദ്രീകൃത സംവിധാനത്തിനുമായി 4,242 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇന്‍ഫോസിസാണ് ഇതിനുവേണ്ട സാങ്കേതിക സൗകര്യമൊരുക്കുന്നത്.

18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതോടെ ആദായ നികുതി റിട്ടേണ്‍ നല്‍കി ഒരു ദിവസംകൊണ്ട് റീഫണ്ട് അക്കൗണ്ടിലെത്തും. റിട്ടേണ്‍ ഇലക്‌ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട അടുത്തഘട്ട പദ്ധതി(ഇന്റഗ്രേറ്റഡ് ഇഫയലിങ് ആന്റ് സെന്‍ട്രലൈസ്ഡ് പ്രൊസസിങ് സെന്റര്‍ രണ്ടാംഘട്ടം)ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.

നിലവില്‍ റീഫണ്ട് നല്‍കാന്‍ ശരാശരി 63 ദിവസത്തോളം എടുക്കുന്നുണ്ട്. ഇതാണ് ഒരു ദിവസമായി ചുരുങ്ങുക. പുതിയ പരിഷ്‌കാരം അനുസരിച്ച് നികുതിദായകരുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോമുകള്‍ അവരുടെ ആദായ നികുതി അക്കൗണ്ടില്‍ ലഭ്യമാക്കും. നികുതിദായകന്റെ പേര്, പാന്‍ നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവയാണ് ആദായനികുതി വകുപ്പ് നേരത്തെ തയാറാക്കിയ അപേക്ഷ ഫോറങ്ങളില്‍ ഉണ്ടാവുക.

ഇതിനൊപ്പം ശമ്പളവും മറ്റ് വിവരങ്ങളും നല്‍കാനുള്ള കോളങ്ങളും അപേക്ഷയില്‍ ഉള്‍പ്പെടുത്തും. ഇത് നികുതിദായകര്‍ പൂരിപ്പിച്ച് നല്‍കണം. പുതിയ സംവിധാനത്തിലൂടെ നികുതിദായകര്‍ക്ക് റിട്ടേണ്‍ എളുപ്പത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും റീഫണ്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്നെ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.