യുപിയിലെ ബിഎസ്പി-എസ്പി സഖ്യം; ബിജെപിക്ക് നിലവിലുള്ള സീറ്റുകളുടെ പകുതിപോലും ലഭിക്കില്ലെന്നു അഭിപ്രായ വോട്ടെടുപ്പ് ഫലം: നേതൃത്വം അങ്കലാപ്പിൽ

single-img
15 January 2019

യുപിയിലെ ബിഎസ്പി-എസ്പി സഖ്യ  പ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയെ ഞെട്ടിച്ച്  അഭിപ്രായ വോട്ടെടുപ്പ് ഫലം. പ്രസ്തുത സഖ്യംബിജെപിക്ക് വലിയ നഷ്ടമാണുണ്ടാക്കുകയെന്നാണ് അഭിപ്രായ വോട്ടേടുപ്പുകൾ  പറയുന്നത്. നിലവില്‍ ബിജെപിക്കുള്ള സീറ്റുകളുടെ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് വോട്ടെടുപ്പ് ഫലം.

ഇന്‍ഡ്യ ടിവിയും സിഎന്‍ക്‌സും ചേര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം. 2014ല്‍ എന്‍ഡിഎക്ക് യുപിയില്‍ നിന്ന് ലഭിച്ചത് 80ല്‍ 73 സീറ്റുകളായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. എസ്പിക്ക് 5 സീറ്റുകളുമാണ് ലഭിച്ചത്. എന്നാൽ ഇത്തവണ ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്.

മഹാസഖ്യം സാധ്യമായതിനാല്‍ 44 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുമെന്നാണ് സൂചനകൾ. അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എസ്പി-ബിഎസ്പി സഖ്യത്തിന് 49 സീറ്റുകള്‍ ലഭിക്കും. യുപിഎക്ക് റായ്ബറേലിയും അമേത്തിയും മാത്രമേ ലഭിക്കുകയുള്ളൂ എന്നും സര്‍വ്വേ പറയുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ടിവി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. യുപിയില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയായി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കില്ല. രണ്ട് സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്കായി മാറ്റിവെയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.