ചരിത്രം കുറിച്ച് അഗസ്ത്യാര്‍ മലയിലും സ്ത്രീ പ്രവേശം; മല കയറുന്ന ആദ്യ വനിത ധന്യാ സനൽ

single-img
14 January 2019

ചരിത്രം കുറിച്ച് അഗസ്ത്യാര്‍ മലയിലും സ്ത്രീ പ്രവേശം. അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. ആദിവാസി ഗോത്ര സഭ നേരിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക് പുറപ്പെട്ടു.

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തിലെ ആദ്യട്രക്കിംഗ് സംഘത്തിലെ ഏക വനിത. ഇതോടെ ഏറെക്കാലത്തിന് ശേഷം അഗസ്ത്യമല കയറുന്ന ആദ്യ സ്ത്രീയായി ധന്യാ സനല്‍.

മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയില്‍ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്. നൂറ് സ്ത്രീകളാണ് ആദ്യസീസണില്‍ ട്രക്കിംഗിന് ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം നൂറ് പേരെന്ന നിലയില്‍ 47 ദിവസം നീളുന്ന സീസണില്‍ 4700 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം പൂജക്ക് അനുവാദമില്ല. 23 കിലേ മീറ്റര്‍ നീളുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമെടുക്കും.

ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ്ത്രീകള്‍ക്ക് അതിരുമലയില്‍ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാംദിവസം ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കും അഗസ്ത്യമല കയറാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ്ത്യ മലയിലേക്ക് സ്ത്രീകള്‍ക്ക് അനുവാദം നല്‍കാറില്ലായിരുന്നു.

കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട് സ്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാല്‍ കുറേ വര്‍ഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.