ശബരിമല തീര്‍ത്ഥാടനം സമാപനത്തിലേക്ക്; മകരവിളക്ക് നാളെ; കാണിക്കയിടരുതെന്ന ആഹ്വാനം വരുമാനം കുറച്ചുവെന്ന് മന്ത്രി കടകംപള്ളി

single-img
13 January 2019

അയ്യപ്പഭക്തര്‍ ദര്‍ശനത്തിനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നു.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകളും സന്നിധാനത്ത് ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.40നും 6.45നുമിടയ്ക്കാണ് മകര ജ്യോതി തെളിയുക.

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം ശബരിമലയിലെ യുവതി പ്രവേശനം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കു ശേഷമുണ്ടായ അക്രമങ്ങള്‍ തീര്‍ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ കക്ഷി ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് ആഹ്വാനം ചെയ്തു.

ശബരിമലയിലെ പണം സി.പി.എമ്മും സര്‍ക്കാറും എടുക്കുന്നുവെന്ന് അവര്‍ പ്രചരിപ്പിച്ചു. ഇത് ശബരിമലയിലെ വരുമാനം കുറയാനിടയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.