പ്രിയനന്ദനൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ഗോപാലകൃഷ്ണന്‍; തൃശൂരില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

single-img
13 January 2019

ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനൻ്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. സിപിഎം നേതാവും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ പ്രിയനന്ദനന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാതൃത്വത്തേയും സത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയനന്ദന്റെ പോസ്റ്റ് അപലപനീയമാണ് നിയമ നടപടി സ്വീകരിക്കും. വിശ്വാസികളെ മാത്രമല്ല മാതൃത്വത്തേയും സത്രീകളേയും അപമാനിച്ചിരിക്കുകയാണ് പ്രിയനന്ദന്‍ പോസ്റ്റിലൂടെയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പിണറായിയുടെ പിച്ചകാശോ ആവാര്‍ഡോ നേടാന്‍ അയ്യപ്പ സ്വാമിയേ അവഹേളിച്ചാല്‍ മതിയെന്ന ധാരണയാണങ്കില്‍ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കല സംഘവും ഒര്‍ത്താല്‍ നന്ന്. ഇത് അപലപനീയമാണ് സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആവിഷ്‌കാരസ്വാതന്ത്ര്യമാണങ്കില്‍ അത്തരം സ്വാതന്ത്യം അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് പൊലീസ് ഉണ്ട്. പ്രിയനന്ദനന്‍ അടക്കമുള്ളവര്‍ക്ക് പൊലീസിന്റെ അകമ്പടി ഇല്ലാതെ തൃശൂരില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.