ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; പിന്മാറ്റം പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ?

single-img
13 January 2019

കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നാണ് സൂചന.

ഇന്ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആര്‍ത്തവം അശുദ്ധിയല്ല എന്ന് പ്രഖ്യാപിച്ച് ഇന്നലെ കൊച്ചിയില്‍ ആര്‍ത്തവ റാലി നടന്നിരുന്നു. ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ ഇന്നലെ ആയിരത്തോളം പേര്‍ പങ്കെടുത്തു. ശബരിമല യുവതി പ്രവേശനത്തിനെതിരെ നടന്ന നാമജപഘോഷയാത്രകള്‍ക്കുള്ള മറുപടിയാണ് ആര്‍ത്തവ റാലിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.