വേഷം മാറി ശബരിമലയിൽ പോകുന്നത് കബളിപ്പിക്കൽ; വിമർശനവുമായി പുന്നല ശ്രീകുമാർ

single-img
10 January 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ എസ്പി മഞ്ജു രം​ഗത്തെത്തിയതിന് പിന്നാലെ വിമർശനവുമായി കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വേഷം മാറി ശബരിമലയിൽ പോയശേഷം തിരിച്ചെത്തി പ്രായം വെളിപ്പെടുത്തുന്നത് കബളിപ്പിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഇടമാകണം ശബരിമലയെന്നും അതാണ് തങ്ങൾ മുന്നോട്ടുവച്ച ആശയമെന്നും അദ്ദേഹം വ്യക്തമാക്കി. ബിന്ദുവും കനകദുര്‍ഗയും ശബരിമല കയറിയതിന് പിന്നാലെ ശ്രീലങ്കൻ സ്വദേശി ശശികലയും മല ചവിട്ടി. ശശികല കയറിയത് പുറത്തുവന്നപ്പോൾ വലിയ പ്രതിഷേധങ്ങളുണ്ടായിട്ടില്ല. ഇങ്ങനെ പതുക്കെ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടാതെ സ്ത്രീകള്‍ക്കും വിശ്വാസ സമൂഹത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്ന ഒരു വിധി വന്നപ്പോള്‍ പരിഷ്കൃത സമൂഹം അതിനെ അങ്ങനെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സമാധാനത്തോടെ സ്ത്രീകള്‍ക്കും ശബരിമലയില്‍ കേറാന്‍ കഴിയുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കലാണ് ചെയ്യേണ്ടതെന്നും അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് സമൂഹത്തില്‍ തുടരുന്നതെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.