എല്ലാ രേഖകളും ലാമിനേറ്റ് ചെയ്യരുത്; പ്രധാനപ്പെട്ട രേഖകള്‍ ലാമിനേറ്റ് ചെയ്യും മുന്‍പു ഈ കാര്യങ്ങൾ ശ്രദ്ധിക്കുക !

single-img
9 January 2019

നമ്മുടെ പ്രധാനപ്പെട്ട രേഖകള്‍ ലാമിനേറ്റ് ചെയ്യും മുന്‍പു ഒരു കാര്യം ശ്രദ്ധിക്കുക. ലാമിനേറ്റ് ചെയ്യാൻ കഴിയുന്നതും ചെയ്യാൻ കഴിയാത്തതുമായ ചില രേഖകളുണ്ട്. അതതു രേഖ/കാര്‍ഡ് സംബന്ധിച്ച ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ ലാമിനേഷന്‍ അതിന്റെ ആധികാരികത നഷ്ടപ്പെടുത്തിയേക്കാം. നിയമം അനുശാസിക്കാത്ത പക്ഷം ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാനാവില്ലെന്ന്, പൊലീസ് സഹകരണ സംഘത്തിന്റെ കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


ശ്രദ്ധിക്കേണ്ടവ:


∙ ലാമിനേറ്റ് ചെയ്ത പ്രമാണങ്ങളും ആധാരങ്ങളും പല ബാങ്കുകളും അംഗീകരിക്കാറില്ല.‍


∙ ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ വിദേശത്തെ ഉള്‍പ്പെടെ പല സര്‍വകലാശാലകളും അനുവദിക്കാറില്ല.


∙ ഡ്രൈവിങ് ലൈസന്‍സ് ലാമിനേറ്റ് ചെയ്ത രൂപത്തിലാണു കിട്ടുന്നത്.∙ വോട്ടേഴ്സ് ഐഡി കാര്‍ഡ് കിട്ടുന്നതു പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലാണ്.


∙ ആധാര്‍ കാര്‍ഡ് ഒരു റഫറന്‍സ് രേഖയാണ്; നമ്പറിനാണ് പ്രാധാന്യം. നമ്പർ റഫര്‍ ചെയ്യാന്‍ ലാമിനേറ്റ് ചെയ്തും ചെയ്യാതെയും കാര്‍ഡ് രൂപത്തില്‍ സൂക്ഷിക്കാറുണ്ട്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതോറിറ്റി വെബ്സൈറ്റി‍ല്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


∙ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ ആപ്പ് ആയ ഡിജി ലോക്കറില്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സിബിഎസ്‌ഇ മാര്‍ക്ക്‌ലിസ്റ്റ് തുടങ്ങിയവ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആധികാരിക രേഖകളായി സൂക്ഷിക്കാന്‍ സാധ്യമാണ്. ആവശ്യമെങ്കില്‍ രേഖകള്‍ ഡിജിറ്റലായി പരിശോധനയ്ക്കു നല്‍കാനും സാധ്യമാണ്.