എൻ.ഡി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് സർവേ; മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുക ‘മറ്റൊരു’ പാർട്ടി

single-img
7 January 2019

ഇപ്പോൾ പൊതുതിരഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കിൽ ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യാ ടി.വി.-സി.എൻ.എക്സിന്റെ അഭിപ്രായ സർവേഫലം. 257 സീറ്റാണ് എൻ.ഡി.എ.യ്ക്ക് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റിൽ 15 സീറ്റു കുറവ്.

എൻഡിഎയിൽ ബിജെപിക്ക് 223 സീറ്റുകൾ ലഭിക്കുമെന്നു സർവേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദൾ അഞ്ച്, എൽജെപി മൂന്ന്, പിഎംകെ, എൻഡിപിപി, എഐഎൻആർസി, എൻപിപി, എസ്ഡിഎഫ്, അപ്നാ ദൾ, എംഎൻഎഫ് പാർട്ടികൾക്ക് ഒന്നുവീതവും സീറ്റുകൾ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നിൽക്കുന്ന സാഹചര്യം സർവേ വിലയിരുത്തിയിട്ടില്ല. 2014ൽ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും–85 എണ്ണം.

എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തിൽ ബിജെപിയോ കോൺഗ്രസോ അല്ലാതെ ‘മറ്റൊരു’ പാർട്ടിയായിരിക്കും കേന്ദ്രത്തിൽ മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുകയെന്നും സർവേ പറയുന്നു.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ്, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎൻഎൽഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവർക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം ഉൾപ്പെടെ അഭിപ്രായ സർവേയെ സ്വാധീനിച്ചതായാണു സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറിൽ നടന്ന സർവേയിൽ ഇന്ത്യ ടിവി–സിഎൻഎക്സ് എൻഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവർക്ക് 138ഉം.

തിരഞ്ഞെടുപ്പിനുശേഷം എൻഡിഎയ്ക്ക് സർവേയിൽ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 37.15% വോട്ടുകൾ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവർക്ക് 32.93%.