നാളെയും മറ്റന്നാളും ബസ് ഓടുമോ ?; സ്‌കൂളുണ്ടോ ?; സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കാമോ ?: അറിയേണ്ടതെല്ലാം…

single-img
7 January 2019

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്നാലെ എത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കുമെന്നാണ് സൂചന.

നിര്‍ബന്ധപൂര്‍വം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചതിനാല്‍ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാനിടയുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ ബി.എം.എസ് ഒഴികെ യൂനിയനുകള്‍ പണിമുടക്കുന്നതിനാല്‍ ബസുകള്‍ നിരത്തിലിറങ്ങാന്‍ സാധ്യതയില്ല.

എന്നാല്‍ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. എല്ലാ ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ബസുകള്‍ ഉണ്ടാകും. ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ്‌സ്‌റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ ബസ് തൊഴിലാളികളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കും. അതുകൊണ്ടുതന്നെ യാത്രാകേശ്ലം രൂക്ഷമാകും. ലോറികള്‍ ഓടാത്തതിനാല്‍ ചരക്ക് നീക്കം നിശ്ചലമാകും. അധ്യാപക സംഘടനകളും സര്‍വീസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വിദ്യാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും.

ബാങ്ക് ജീവനക്കാരും പെട്രോള്‍ പമ്പ് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഈ മേഖലകള്‍ സ്തംഭിക്കും. ചെറുകിട വ്യാപാരികളും തെരുവ് കച്ചവടക്കാരും പണിമുടക്കുന്നുണ്ട്. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരിക്കുകയാണ്.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സാധാരണ ദിനങ്ങളെ പോലെ സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കുന്നതിന് തടസമില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ വാഹനങ്ങള്‍ തടയില്ല. ടാക്‌സി ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും വിവാഹ ആവശ്യത്തിന് അവര്‍ സര്‍വീസ് നടത്തും.

ഹര്‍ത്താല്‍ ദിനത്തിലെ പോലെ റോഡുകളില്‍ ഇറങ്ങുന്നതിന് ജനങ്ങള്‍ക്ക് ഭീതി വേണ്ടെന്നും എന്നാല്‍ എല്ലാ തൊഴിലാളികളും പണിമുടക്കിനോട് സഹകരിക്കണമെന്നുമാണ് ട്രേഡ് യൂണിയനുകളുടെ അഭ്യര്‍ഥന. കടകള്‍ തുറക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെയും തടയില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ടൂറിസം മേഖലയിലെ ഹോട്ടലുകളെയും അവിടുത്തെ ജീവനക്കാരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു നേതാക്കള്‍ പറഞ്ഞു. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കടകള്‍ തുറക്കുമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നിലപാട്. ഇത് പ്രാവര്‍ത്തികമാകുമോ എന്ന് കണ്ടറിയണം.