കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ലോക്‌സഭയില്‍ ബിജെപി

single-img
7 January 2019

ന്യൂഡല്‍ഹി: കേരളത്തിലെ പിണറായി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്‌സഭയില്‍ ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആണ് ലോക്‌സഭയില്‍ ഈ ആവശ്യമുന്നയിച്ചത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. സംസ്ഥാനത്തെ സി.പി.എം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കണമെന്നും നിഷികാന്ത് ദുബൈ ആവശ്യപ്പെട്ടു.

‘ബിജെപി എംപി മുരളീധരന്റെ വീട്ടില്‍ അക്രമമുണ്ടായി. കൊലപ്പെടുത്താന്‍ വരെ ശ്രമമുണ്ടായി. ബിജെപിയുടെ പ്രവര്‍ത്തകനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ നേരെ ഇത്തരത്തില്‍ അക്രമമുണ്ടായത്’. ബിജെപിയെയും ആര്‍എസ്എസ്സിനെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീടുകള്‍ക്കനേരെ അക്രമം നടക്കുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടക്കുന്നു. സംഘപരിവാര്‍ ബിജെപി അംഗങ്ങള്‍ക്കെതിരേയും അക്രമം നടക്കുന്നു. കാലങ്ങളായി അക്രമം നടക്കുകയാണെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെനിയോഗിക്കണമെന്നും നിഷികാന്ദ് ദുബേ ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി പാര്‍ലമെന്റിന് അകത്തും പുറത്തും ബിജെപി എംപിമാര്‍ പ്രതിഷേധിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരേ കേന്ദ്ര ബിജെപി നേതാക്കളെ കൂടി അണിനിരത്തുന്ന കാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ കണ്ടത്.

കേരളത്തിലെ സംഭവങ്ങളെകുറിച്ച് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പാര്‍ട്ടി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം പാര്‍ലമെന്റ് വളപ്പില്‍ നടന്ന പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

അതേസമയം ആര്‍.എസ്.എസ് ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. എ. സമ്പത്ത് എം.പിയാണ് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെതിരെ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടുവെന്ന് സമ്പത്ത് ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ്പെട്ടുവെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.