നാളെ അര്‍ധരാത്രിമുതല്‍ 48 മണിക്കൂര്‍ കേരളം സ്തംഭിക്കും

single-img
6 January 2019

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടത്തുന്ന പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകും. ഏഴിന് രാത്രി 12 മുതല്‍ ഒമ്പതിന് രാത്രി 12 വരെയാണ് ജനകീയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പണിമുടക്ക്.

പണിമുടക്കിന് നേതൃത്വം നല്‍കുന്ന സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയവ ഉള്‍പ്പടെയുള്ള യൂണിയനുകള്‍ക്ക് കേരളത്തില്‍ വ്യക്തമായ സ്വാധീനമുള്ളതില്‍ ഇവിടെ പണിമുടക്ക് ശക്തമായിരിക്കുമെന്നാണ് സൂചന. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളി യൂണിയനുകള്‍ ശക്തമാണ്.

അതുകൊണ്ടുതന്നെ പൊതുഗതാഗതം സ്തംഭിക്കുമെന്നാണ് സൂചന. അതേസമയം നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലും ബന്ദുമല്ല നടത്തുന്നത്. സമ്മര്‍ദമുണ്ടാക്കി കടകളടപ്പിക്കില്ല.

ജോലിക്കെത്തുന്നവരെ തടയുകയുമില്ല. ബി.എം.എസ് അടക്കം അംഗീകരിച്ച വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്കുന്നത്. ആര്‍.എസ്.എസ് ഇടപെട്ട് ബി.എം.എസിനെ പിന്തിരിപ്പിക്കുകയാണുണ്ടായത്. പാല്‍, പത്രം, ആശുപത്രി, ശബരിമല തീര്‍ഥാടകര്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

ടൂറിസ്റ്റുകളെത്തുന്ന വാഹനം തടയുകയോ അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുകയോ ചെയ്യില്ല. ട്രെയിനുകള്‍ തടയില്ല. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പിക്കറ്റ് നടത്തും. തൊഴിലുകള്‍ നിര്‍ത്തിവെച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്ര ഒഴിവാക്കിയും വാഹനങ്ങള്‍ റോഡില്‍ ഇറക്കാതെയും പണിമുടക്കില്‍ എല്ലാവിഭാഗവും പങ്കുചേരണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.