‘പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ സൗഹൃദം, ഇന്ന് വന്നാല്‍ മതസൗഹാര്‍ദ്ദം അല്ലേടാ’; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി ചോദിച്ചു

single-img
6 January 2019

പ്രസിദ്ധ എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും മമ്മൂട്ടിയും തമ്മില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ നടത്തിയ സംഭാഷണം, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇരുവരും തമ്മില്‍ വൈപ്പിനിലെ എടവനക്കാട്ട് കായല്‍ക്കരയിലെ സെറ്റില്‍ വെച്ചു നടത്തിയ സംഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

‘വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

‘സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?’

‘അതെ.’

ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മൂക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്. എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചോദിച്ചു:

‘പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?’

ബാലചന്ദ്രന്‍ ചുള്ളിക്കാട് അയച്ചുതന്നതെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷോട്ട് സഹിതം ഹരിലാല്‍ രാജഗോപാല്‍ എന്നയാളാണ് ഈ കുറിപ്പ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്. കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ബാലേട്ടൻ രാവിലെ അയച്ചത്…വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ….

Posted by Harilal Rajagopal on Saturday, January 5, 2019