‘തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും’: പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍

single-img
3 January 2019

കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന്‍. പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ്. ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും എന്നായിരുന്നു ശോഭ മറുപടി നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ശോഭ സുരേന്ദ്രന്‍ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ചത്.

ഇതിനിടെ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് സംരക്ഷണമൊരുക്കിയ പൊലീസുകാരുടെ വിവരങ്ങള്‍ പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു ജ്യോതികുമാറിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ജ്യോതികുമാര്‍ പൊലീസുകാരുടെ പേര് വെളിപ്പെടുത്തിയത്. അവതാരകന്‍ അതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ചെങ്കിലും അദ്ദേഹം പിന്‍വാങ്ങിയില്ല.

‘എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ശബരിമല ദര്‍ശനത്തിന് യുവതികളെ സഹായിച്ചത്.’- ജ്യോതികുമാര്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ക്ക് സ്വമേധയാ യുവതികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്നും ഇപ്പോള്‍ തന്നെ ഈ പൊലീസുകാര്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും വലിയ തോതിലുള്ള ആക്രമണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജ്യോതികുമാര്‍ ചാമക്കാല താന്‍ പറഞ്ഞതിനെ ന്യായീകരിച്ചു.

അദ്ദേഹത്തിന്റെ പ്രതികരണത്തിലെ അപാകത അവതാരകന്‍ ചൂണ്ടിക്കാണിച്ചെങ്കിലും പറഞ്ഞതിനെ ന്യായീകരിക്കാനായിരുന്നു ജ്യോതികുമാര്‍ ശ്രമിച്ചത്. സി.പി.ഐ.എമ്മിനായി സംസാരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും ജ്യോതികുമാറിന്റെ നടപടിയ്‌ക്കെതിരെ രംഗത്തെത്തി.