ഹര്‍ത്താലില്‍ വ്യാപക അക്രമം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; കടകൾ അടപ്പിച്ചു

single-img
3 January 2019

ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി . പാലക്കാട് വായനശാല തീ വെച്ച് നശിപ്പിച്ചു . മലപ്പുറം തവന്നൂരില്‍ സി.പി.എം ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ കത്തിച്ചു . അക്രമങ്ങളുമായി ബന്ധപ്പെട്ട് 9 പേരെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് ട്രയിനില്‍ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സമയത്ത് ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. രാവിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ അയ്യപ്പന്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കോഴിക്കോട് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്‌ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി.

പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.  കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ തമ്മില്‍  സംഘർഷമുണ്ടായി. സംഘർഷത്തിൽ ആറു പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി.

അതേസമയം ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്ത് പൊതുവേ പതിവു പോലെ കടകള്‍ തുറന്നിട്ടുണ്ട്. പക്ഷേ പലയിടത്തും കടകള്‍ ബലമായി ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയാണ്. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ൾ എ​രു​മേ​ലി​യി​ൽ തു​റ​ന്ന ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ച്ചു.