വീട്ടിലെ ഗേറ്റ് എപ്പോള്‍ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി: തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

single-img
2 January 2019

തിരുവനന്തപുരം: ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടിക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശോഭ സുരേന്ദ്രന്റെ വിമര്‍ശനം.

തന്ത്രിക്ക് ഇഷ്ടമുള്ളപ്പോള്‍ നട അടക്കും അല്ലാതെ ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ല. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി. ശബരിമലയില്‍ ഇടപെടേണ്ട എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയുടെ കാര്യം തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാന്‍ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയന്‍ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.