ഇനി വിട്ടുവീഴ്ച വേണ്ട, സംസ്ഥാന സര്‍ക്കാരിന്റെ ഭാവി ഞങ്ങള്‍ തീരുമാനിക്കും: രണ്ടാം വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് കെ.പി.ശശികല

single-img
2 January 2019

ദേവസ്വം ബോര്‍ഡ് അംഗവും ഐപിഎസുകാരനായ മകനും ഒത്തുചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു ശബരിമല കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല. കോട്ടയം എസ്പി ഹരിശങ്കറിന്റെ അച്ഛനായ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും ശബരിമലയില്‍ സമാധാനം തകര്‍ക്കാന്‍ മുന്നിട്ടിറിങ്ങിയിരിക്കുകയാണ്.

ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളെത്തെ ഹര്‍ത്താലെന്നും ശശികല പറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം എന്ത് വേണമെന്ന് ഇനി വിശ്വാസികള്‍ തീരുമാനിക്കാം.

ഒരു രൂപ പോലും എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. കാണിക്ക ഇടേണ്ട എന്നാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍, ഇന്നുമുതല്‍ എടുക്കേണ്ട എന്ന് സര്‍ക്കാരിനോട് പറയുകയാണ്. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയ സര്‍ക്കാരിനെതിരെ എന്ത് കൈവിട്ട കളിക്കും മടിക്കില്ലെന്നും ശശികല കുറ്റപ്പെടുത്തി.

ഇനി വിട്ടുവീഴ്ച വേണ്ടെന്നും രണ്ടാം വിമോചന സമരത്തിന് തയ്യാറാകാനുമാണ് ശശികലയുടെ ആഹ്വാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭാവി ഇനി ഞങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദുവിന്റെ പരിഭവം മനസിലാക്കുന്നുവെന്നും നിരാശരാകേണ്ടി വരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.