ശബരിമലയിൽ ദർശനം നടത്തിയെന്ന് ബിന്ദുവും കനകദുർഗയും; ദൃശ്യങ്ങള്‍ പുറത്ത്

single-img
2 January 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത്. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.

” പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല.

പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു” . സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

അതേസമയം, ഇരുവരും ദർശനം നടത്തിയെന്ന് പൊലീസും ദേവസ്വം അധികൃതരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കയറിയോ ഇല്ലയോയെന്ന് സ്ഥിരീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.

സുരക്ഷ ആവശ്യപ്പെട്ട് ഇവർ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിൽ സ്വന്തം നിലയിൽ മലകയറുമെന്ന് അവർ അറിയിച്ചു. പരിമിതമായ സുരക്ഷ പൊലീസ് വാഗ്ദാനം ചെയ്തിരുന്നു.

ഈ മാസം 24ന് കനകദുർഗയും ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് അന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്.