അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് നേട്ടമില്ല; പെട്രോളിനും ഡീസലിനും വില കുറഞ്ഞത് 19 പൈസയും, 21 പൈസയും; എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനിന്ന് കേന്ദ്രവും

single-img
1 January 2019

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുകയും വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരേ രൂപ സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ രാജ്യത്ത് ഇന്ധനവില കുറയുന്നു. എന്നാല്‍ രാജ്യന്തര വിപണിയിലെ വിലയിടിവിന് ആനുപാതികമായി ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല.

ഇന്ധനവിലയില്‍ 20 ശതമാനം മാത്രമാണ് ഇന്ത്യയില്‍ കുറവുണ്ടായിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ വില 38 ശതമാനം വരെ കുറയ്ക്കാമെന്നിരിക്കെയാണ് വെറും ഇരുപത് ശതമാനം മാത്രം വില കുറച്ച് ഇന്ധന വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 18 മുതലാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞു തുടങ്ങിയത്.

അന്ന് ബ്രെന്റ്1 ഇനം ക്രൂഡ് ഓയിലിന് വീപ്പയ്ക്ക് 86.56 ഡോളറായിരുന്നു വില. ഇതിപ്പോള്‍ 53.43 ഡോളറായി. 2017 ജൂലൈയ്ക്ക് ശേഷം വില ഇത്രയും താഴുന്നത് ആദ്യമായാണ്. എന്നാല്‍ രാജ്യന്തര വിപണിയിലെ ഇപ്പോഴത്തെ വിലക്കുറവിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് നല്‍കാതെ നേരിയ വിലക്കുറവ് മാത്രം നല്‍കിക്കൊണ്ട് ഉപയോക്താക്കളുടെ കണ്ണില്‍ പൊടിയിടുന്ന നയമാണ് എണ്ണക്കമ്പനികള്‍ സ്വീകരിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ 2018 ലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ധന വില ക്ലോസ് ചെയ്തത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 57 പൈസയാണ്. ഡിസല്‍ വില 66 രൂപ 13 പൈസയും.

തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയാണ്.