ജനം ടി.വിയുടെ വാര്‍ത്തയെ തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍; ‘ഇനി ഇത്തരം വാര്‍ത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യില്ല’

single-img
1 January 2019

വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയുടെ നടപടിയെ പരോക്ഷമായി തള്ളപ്പറഞ്ഞ് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ് ഹരിദാസ്. ഇത്തരം വാര്‍ത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യാന്‍ പോകില്ലെന്നും ആ ട്വീറ്റ് പിന്‍വലിക്കാന്‍ നോക്കാമെന്നും ഹരിദാസ് പറഞ്ഞു.

വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ? എന്ന ചോദ്യമുയര്‍ത്തിയുള്ള ഏഷ്യനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഹരിദാസ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും തെറ്റ് വന്നാല്‍ തിരുത്തുകയും വേണമെന്നും പറഞ്ഞ അദ്ദേഹം ആ വാര്‍ത്തകളില്‍ നിന്ന് തനിക്ക് കിട്ടിയ സൂചനകള്‍ ഇതൊരു ഔദ്യോഗിക സോഴ്‌സില്‍ നിന്ന് വന്നതെന്നാണ് എന്നാണെന്നും പറഞ്ഞു.

അതിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. ജമ്മു കാശ്മീരിലും ഇസ്‌ലാം രാജ്യങ്ങളിലുമൊക്കെ ഇത്തരം വസ്ത്രം കെട്ടി നടക്കുന്നതെല്ലാം കണ്ടിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് ആദ്യം മനസില്‍ വരികയുള്ളൂ. കേരളത്തില്‍ ഇത് നടക്കില്ലെന്ന് പറയുമ്പോള്‍ തന്നെ ഇരിട്ടിയിലെ സംഭവങ്ങള്‍ ഇവിടെ തന്നെയാണ് നടന്നതെന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കോളജിലും മറ്റ് കോളജുകളിമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. അത് തടയപ്പെടുക തന്നെ വേണമെന്നും ഹരിദാസ് പറഞ്ഞു. വ്യാജവാര്‍ത്ത നല്‍കിയ ജനം ടിവിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പണിഞ്ഞ് തൊപ്പി വെച്ച് കൊണ്ടായിരുന്നു സലിം കുമാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്.

‘ഞാന്‍ ഇപ്പോ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. അപ്പോ വീട്ടില്‍ ഇടണ്ട ട്രസ്സ് അല്ല ഇത്. ഞാന്‍ ആ സംഭവത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഈ വസ്ത്രമണിഞ്ഞ് ഇന്ന് ഈ ചര്‍ച്ചയില്‍ വന്നത്. സംഭവം നടന്നപ്പോള്‍ കുറെ ഓണ്‍ ലൈന്‍ പത്രക്കാര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അവരോട് നടന്ന സംഭവങ്ങളെ കുറിച്ച, സത്യാവസ്ഥ പറഞ്ഞു കൊടുത്തു.

അത് കുറെ ഓണ്‍ലൈനില്‍ വന്നപ്പോള്‍ അതില്‍ പല കമന്റുകള്‍ വന്നകൂട്ടത്തില്‍ ഒരാള്‍ കമന്റിട്ടിരുന്നത് സലിം കുമാര്‍ എന്നല്ല. സലിം കെ. ഉമ്മര്‍ എന്നാണ്. പിന്നെ സലാം കുമാര്‍ എന്നും.’ ചിരിച്ചു കൊണ്ട് സലിം കുമാര്‍ പറഞ്ഞു.

‘ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ആ പിള്ളേര്‍ക്ക് വേണ്ടി അത് പറയയേണ്ടതാണെന്ന് തോന്നി. അത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി, എന്നെ ബിന്‍ലാദനാക്കുമെന്നാണ് എന്റെ സംശയം. അപോ എന്തായാലും ശരി ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്.

ആ പിള്ളേര് എന്താണ് ചെയ്തതെന്ന് അറിയുന്ന ആ കൊളേജിലില്ലാത്ത ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. എനിക്ക് ഈ സമൂഹത്തോട് വിളിച്ച് പറയണം. ഇതാണ് അവിടെ നടന്നതെന്ന്. എന്റെ ശബ്ദം കേള്‍ക്കുന്നത് കുറച്ചാളുകള്‍ മാത്രമായിരിക്കാം. എന്നാലും അവസാനം വരെ ആ കുട്ടികളൊടൊപ്പമായിരിക്കും’. സലിം കുമാര്‍ പറഞ്ഞു.

‘പത്ത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം എക്‌സ്‌ക്ലൂസിവ് വാര്‍ത്ത ആയി കൊടുക്കുക എങ്ങനെയാണ്. ഇത് വളരെ കഷ്ടമാണ്. യഥാര്‍ത്ഥത്തില്‍ ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണം. ആ കുട്ടികള്‍ നാളെ ഈ സമൂഹത്തെ നയിക്കേണ്ട ആളുകളാണ്’. സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികള്‍ അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്‍റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അൽ ഖ്വായ്ദയുടെ പതാക ഉയർത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് – അൽ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.