കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്കിൽ പറന്നു നടക്കുന്ന ഫ്രീക്കന്മാരുടെ ശ്രദ്ധയ്ക്ക്; ഇനി പിടി വീഴും !

single-img
30 December 2018

കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്കുകളില്‍ പറന്നു നടക്കുന്ന ഫ്രീക്കന്മാർക്ക് ഇനി പിടി വീഴും. അനധികൃതമായ സൈലന്‍സറുകള്‍ ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമകള്‍ക്കാണ്  മോട്ടോര്‍ വാഹന വകുപ്പ് കടിഞ്ഞാണിടുന്നത്. വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന സൈലന്‍സര്‍ മാറ്റി വന്‍തുകയുടെ അനധികൃത സൈലന്‍സര്‍ ഘടിപ്പിക്കുന്ന രീതി വ്യാപകമാണ്. 


സ്ത്രീകളും വിദ്യാര്‍ത്ഥിനികളും ഓടിക്കുന്ന വാഹനങ്ങള്‍ക്ക് സമീപമെത്തി കാതടപ്പിക്കുന്ന ശബ്ദത്തില്‍ പോകുന്ന ബൈക്കുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നെന്ന് പരാതികള്‍ വ്യാപകമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നു. ഇത്തരത്തില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നവരില്‍ നിന്ന് പിഴയീടാക്കാനും തീരുമാനമായി. ആയിരം രൂപ ഇത്തരക്കാരില്‍ നിന്ന് പിഴയീടാക്കും. 


രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ നിന്ന് അനധികൃത സൈലന്‍സര്‍ പിടിച്ചെടുക്കുകയും ചെയ്യും. ചേര്‍ത്തലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി അനധികൃത സൈലന്‍സറുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഹെഡ് ലൈറ്റിന് പകരം പ്രകാശം കൂടിയ ലൈറ്റുകളും ഹാന്‍ഡില്‍ ബാര്‍ മാറ്റുന്ന പ്രവണതയും ഇപ്പോള്‍ കൂടുതലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നു.