വൃദ്ധന് ഭക്ഷണം വാരിക്കൊടുക്കുന്ന പൊലീസുകാരന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഉദയംപേരൂര്‍ പൊലീസ് സ്‌റ്റേഷനിലെ രംഗങ്ങള്‍

single-img
27 December 2018

വൃദ്ധന് ഭക്ഷണം വാരിക്കൊടുക്കുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ നന്മ നിറഞ്ഞ പൊലീസുകാരെ അഭിനന്ദിച്ച് പലരും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഏത് പോലീസ് സ്‌റ്റേഷനിലേതാണെന്ന് ചോദിച്ച് പലരും കമന്റ് ചെയ്യുകയും ചെയ്തു. ഒടുവില്‍ എറണാകുളം ഉദയംപേരൂര്‍ പൊലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് ഈ നന്മമനിറഞ്ഞ പ്രവൃത്തി ചെയ്തതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.

സംഭവം ഇങ്ങനെ: കായല്‍തീരത്തെ കണ്ടല്‍ക്കാടുകളില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടെന്ന സമീപവാസിയുടെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഉദയംപേരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ അജയകുമാര്‍, ബിനു, ജിജു എന്നിവര്‍ സ്ഥലത്തേക്കെത്തുന്നത്. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി.

കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം വാങ്ങിനല്‍കി. എന്നാല്‍ ഭക്ഷണം വാരിക്കഴിക്കാന്‍ പോലും കഴിയാത്തവിധം തളര്‍ന്നിരിക്കുകയായിരുന്നു വൃദ്ധന്‍. മനസലിവ് തോന്നിയ അജയകുമാര്‍ വൃദ്ധന് ഭക്ഷണം വാരി നല്‍കുകയായിരുന്നു. ഇത് ആരോ വീഡിയോയില്‍ ചിത്രീകരിച്ച് പുറത്ത് വിടുകയായിരുന്നു.

ഭക്ഷണം വാങ്ങി നല്‍കിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ വടയാര്‍ സ്വദേശിയായ പവിത്രനാണ് ഇതെന്ന് മനസിലായി. പ്രായത്തിന്റെ അവശതകള്‍ മൂലം ഓര്‍മയുടെ താളം തെറ്റിയ പവിത്രന് കായല്‍ക്കരയില്‍ വച്ച് വഴിതെറ്റുകയായിരുന്നു. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തി പവിത്രനെ വിട്ടയച്ചു.

ആരാണെന്നറിയില്ല കണ്ടപ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി സന്തോഷിച്ച നിമിഷം✌️✌️✌️✌️👌🏼👌🏼🥇🥇ബിഗ് സല്യൂട്ട് കേരളം പോലീസ്….വീഡിയോ ഷെയർ ചെയ്യുക

Posted by Variety Media Plus on Wednesday, December 26, 2018