തമിഴ്‌നാട്ടില്‍ നിന്നും വന്ന മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളെന്ന് ബി.ഗോപാലകൃഷ്ണന്‍

single-img
23 December 2018

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്‌നാട്ടില്‍ നിന്നും വന്ന മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ക്ലിഫ് ഹൗസിന് മുന്നില്‍ നടന്ന നാമജപ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ബി.ഗോപാലകൃഷ്ണന്‍.

ഇവര്‍ സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്നും ആക്ടിവിസ്റ്റുകളാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്കിലടക്കം വ്യക്തമാക്കിയതാണെന്നും ഇപ്പോള്‍ വിശ്വാസികളാണെന്ന് പറയുന്നതില്‍ എന്തുകാര്യമെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. മനിതി സംഘത്തെ എല്ലാ സംരക്ഷണവും നല്‍കി സര്‍ക്കാര്‍ നേരിട്ടാണ് കൊണ്ട് വന്നത്.

ഒരു ലക്ഷം അയ്യപ്പന്മാരെ നിലക്കലില്‍ തടഞ്ഞിട്ടാണ് ഒമ്പത് പേരെ ശബരിമലയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത്. അയ്യപ്പവിശ്വാസികള്‍ ജീവിച്ചിരിക്കുമ്പോള്‍ അത് സംഭവിക്കില്ല. ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം നടത്താനുള്ള സ്ഥലമല്ല എന്ന് പറഞ്ഞ കടകംപള്ളി കടകം മറിയുകയാണോയെന്ന് അദ്ദേഹം ചോദിച്ചു.

ശബരിമലക്ക് പോകാന്‍ കേരളത്തില്‍ വിശ്വാസികളെ സ്ത്രീകളെ കിട്ടാനില്ലാത്തതു കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് മനിതി എന്ന അവിശ്വാസികളുടെ സംഘത്തെ എത്തിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നല്ല, റഷ്യയില്‍ നിന്നായാലും, ചൈനയില്‍ നിന്നായാലും, ഉഗാണ്ടയില്‍ നിന്നായാലും വിശ്വാസികളുടെ നെഞ്ചിന്റെ മുകളിലൂടെ മാത്രമേ പിണറായി വിജയന് ഇത് നടപ്പിലാക്കാന്‍ കഴിയൂ.

പിണറായി ചെന്നൈയില്‍ പോയത് പോലും ദുരൂഹമാണ്. സര്‍ക്കാര്‍ ആര് പറഞ്ഞിട്ടാണ് ഇവര്‍ക്ക് സംരക്ഷണം കൊടുത്തത്. ഇതില്‍ ഗൂഢലക്ഷ്യമുണ്ട്. ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള അനുമതി സുപ്രീം കോടതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.