കഥയില്ലായ്മകള്‍ക്കിടയില്‍ നിന്നും ഒടിയന്റെ ഉയര്‍ത്തെഴുന്നേല്‍പ്

single-img
21 December 2018

കഥയില്ലായ്മകളാണ് മലയാള സിനിമയെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. അതിനുള്ള ശക്തമായ ഉത്തരമാണ്, ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കി താരസൂര്യന്‍ മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം. അന്‍പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന ഒടിവിദ്യ എന്ന മിത്താണ് കഥയുടെ ഇതിവൃത്തം.

പാലക്കാട് തേന്‍കുറിശ്ശി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അവസാനത്തെ ഒടിയന്‍ ആയ മാണിക്യന്‍ മലയാളത്തനിമ നിറഞ്ഞു തുളുമ്പുന്ന ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിയേറ്ററില്‍ ഒരാഴ്ച പിന്നിടുന്ന ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്, നവ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ദൃശ്യഭാഷ എത്ര മഹത്തരമെന്ന സത്യമാണ്.

ഒടിവിദ്യകളെക്കുറിച്ച് നാം കേട്ടുപഴകിയ കഥകള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് ഹരികൃഷ്ണന്റെ തിരക്കഥ നമ്മോട് കഥ പറയുന്നത്. നാടോടിക്കഥകള്‍ പോലെ തോന്നിക്കുന്ന മിത്തിനെ വൈകാരിക തീവ്രമുള്ള കഥ പറഞ്ഞ സംവിധായകന്‍ പ്രേക്ഷകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് എല്ലാ ചേരുവകളും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത്.

മൂര്‍ച്ചയുള്ള ഡയലോഗുകളും ഹൃദയത്തില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമൊക്കെ ചേര്‍ന്ന കലാമൂല്യമുള്ള ഒരു നല്ല കുടുംബചിത്രമാണ് ഒടിയന്‍. മാണിക്യന്‍ ആയി മോഹന്‍ലാല്‍ സ്‌ക്രീനില്‍ ഓരോ നിമിഷവും ജീവിച്ചു കാണിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും.

ഇവര്‍ക്കൊപ്പം മല്‍സരിക്കുന്ന പെര്‍ഫോമെന്‍സാണ് സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, കൈലാഷ്, സന അല്‍ത്താഫ്, ശ്രീജയ, നരെയ്ന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരുടെ വേഷങ്ങളും. പ്രേക്ഷരെ പിടിച്ചിരിത്തുന്ന സാങ്കേതികമികവാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

ക്യാമറാമാന്‍ ഷാജികുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ ആത്മാവിനെ തൊടുന്നതാണ്. എടുത്തു പറയേണ്ട ഒന്നാണ് പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ രംഗങ്ങളും മികച്ച വി.എഫ്.എക്‌സും. അതിമനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങ് മികവും ഒടിയന്‍ എന്ന ചിത്രത്തെ ലോകോത്തരമികവിലേക്കെത്തിക്കുന്നു. മോഹന്‍ലാല്‍ ടീം ഒരുക്കിയ ഈ ചിത്രം മലയാളത്തിന്റെ എക്കാലത്തെയും ഒരു ക്ലാസിക്കാണ്.