വസൂ, ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്റെ മോന്‍; ഫേസ്ബുക്കില്‍ കവര്‍ ഫോട്ടോ മാറ്റിയ ബ്ലാസ്റ്റേഴ്‌സിന് ട്രോള്‍ മഴ !

single-img
21 December 2018

ഐഎസ്എല്‍ അഞ്ചാം സീസണില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പരിശീലകനെ മാറ്റിയിട്ടും രക്ഷയില്ല. ക്രിസ്മസ് പ്രമാണിച്ച് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോള്‍ മഴയുമായാണ് ആരാധകര്‍ സ്വീകരിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയ്ക്ക് മുകളില്‍ ക്രിസ്തുമസ് അപ്പൂപ്പന്റെ തൊപ്പി വച്ച രീതിയിലായിരുന്നു ചിത്രം. ‘തോറ്റ് തൊപ്പിയിട്ടതാണല്ലേ’ എന്നായിരുന്നു ഇതിന് ഒരു ആരാധകന്റെ കമന്റ്. ‘ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ പെര്‍ഫക്റ്റ് കവര്‍ ഫോട്ടോ’, ‘എഫ്ബി പോസ്റ്റിലേക്കല്ല തള്ളേണ്ടത്, എതിരാളിയുടെ പോസ്റ്റിലേക്കാണ് തള്ളേണ്ടത്’ എന്നായിരുന്നു മറ്റൊരു ആരാധകന്‍ പറഞ്ഞത്.

വസൂ, ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്റെ മോന്‍, ഒരു കൊട്ട ഗോളുകള്‍ വാങ്ങികൂട്ടിയിട്ടുണ്ടല്ലോ ക്രിസ്തുമസ് ഗിഫ്റ്റുകളായിട്ട്, തൊപ്പി വാങ്ങിയതിന്റെ കടം എങ്കിലും വീട്ടിയോ?. ഇങ്ങനെ ചിരിയുണര്‍ത്തുന്ന നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. സീസണില്‍ 12 മത്സരങ്ങളില്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.